ആലുവ: കോവിഡ് 19 വൈറസ് ബാധയുടെ വ്യാപനത്തിൽ ജീവിതം വഴിമുട്ടി ലോട്ടറി വിൽപനക്കാർ. ലോട്ടറി വിൽപന പൂർണമായി നിർത്തിവച്ചതോടെ അന്നന്നത്തെ അന്നത്തിനു വഴികാണാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.
കീഴ്മാട് കുട്ടമശേരിയിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി ലോട്ടറി വിറ്റു ജീവിക്കുന്ന കാഴ്ചയുടെ പരിമിതിയുള്ള മൂന്നാർ പള്ളിവാസൽ സ്വദേശി ബാലമുരുകൻ ജീവിതം വഴിമുട്ടിയ ലോട്ടറി വിൽപനക്കാരിൽ ഒരാളാണ്.
അന്ധതയെ തോൽപിച്ചു ഫസ്റ്റ് ക്ലാസോടെ ബിഎഡ് പാസായ ബാലമുരുകൻ തനിക്ക് അർഹതപ്പെട്ട അധ്യാപകജോലി ലഭിക്കാതെ വന്നപ്പോഴാണ് ലോട്ടറി വിൽപനയിലേക്കു കടന്നത്. കീഴ്മാട് അന്ധവിദ്യാലയത്തിനു കീഴിലായിരുന്നു പഠനം.
ഇപ്പോൾ കുന്നുംപുറത്ത് ഒറ്റയ്ക്കു വാടകയ്ക്കു താമസിക്കുന്നു. ലോട്ടറി വിൽപന നിലച്ചതോടെ അന്നന്നത്തെ ചെലവിനു വക കണ്ടെത്താൻ ഈ നാൽപത്തിനാലുകാരനു സാധിക്കുന്നില്ല.
ഹോട്ടലുകൾ അടച്ചതോടെ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ടെന്നു ബാലമുരുകൻ പറയുന്നു. മിക്ക ലോട്ടറി വിൽപനക്കാരുടെ അവസ്ഥയും ഇതാണെന്നും ഇദ്ദേഹം പറയുന്നു.