തനിക്കു നേരെ നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഈ കരുന്നിന്റെ ചിത്രം ലോകത്തെ ഏറെ കരയിച്ചതാണ്. മരണത്തോട് മല്ലടിച്ചു കഴിഞ്ഞ ആ ’പട്ടിണിക്കോലം’ ഇപ്പോള്‍ നല്ല മിടുക്കന്‍ കുട്ടിയായി മാറിയിരിക്കുന്നു. ’ഹോപ്പ് ’എന്നണവന്‍റെ പേര്. അടുത്ത മാസം മുതല്‍ കുഞ്ഞു ബാഗും തോളിലേന്തി അവന്‍ സ്കൂളിലും പോയിത്തുടങ്ങും.
ആഫ്രിക്കയില്‍ സന്നദ്ധ പ്രവര്‍ത്തകയായ അന്‍ജ റിന്‍ഗറണ്‍ എന്ന ഡാനിഷ് യുവതി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹോപ്പിനെ നൈജീരിയയിലെ തെരുവില്‍ നിന്നു കണ്ടെത്തുന്നത്. ചെകുത്താന്‍റെ സന്തതിയാണെന്നു പറഞ്ഞു മാതാപിതാക്കള്‍ ഉപേക്ഷിച്ച കുരുന്ന് ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിഞ്ഞതിനാല്‍ മൃതപ്രായനായിരുന്നു.
കൈയ്യിലുണ്ടയിരുന്ന കുപ്പിവെള്ളവും ബിസ്കറ്റും നല്‍കിയ ശേഷം അന്‍ജ ,ഹോപ്പിനെ ഒരു പുതപ്പു കൊണ്ടു പൊതിഞ്ഞെടുത്തു ആശുപത്രിയിലെത്തിച്ചു. മലിനജലം കുടിച്ചതിനാല്‍ ഹോപ്പിന്‍റെ വയറു മുഴുവന്‍ വിരകള്‍ നിറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട ആശുപത്രി വാസം…
ഇന്നിപ്പോള്‍ ദുരിത നാളുകളുടെ ഓര്‍മ്മകള്‍ പോലുമില്ലാതെ ആഫ്രിക്കയില്‍ തന്നെയുള്ള ഒരു പുനരധിവാസ കേന്ദത്തില്‍ കളിച്ചുല്ലസിക്കുകയാണ് ഹോപ്പ്. തെരുവില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയ മറ്റ് പലകുട്ടികളും ഇവിടെ അവനു കൂട്ടായി ഉണ്ട്. കാരുണ്യം വറ്റാത്ത മുഖങ്ങള്‍ക്കു നേരെ നിറചിരി സമ്മാനിച്ചുകൊണ്ട് ’ഹോപ്പ’് പ്രതീക്ഷയോടെ ഇരിക്കുന്നു. സ്കൂളില്‍ പോകണം, പഠിക്കണം…