പാലക്കാട്: സർഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നൽകിയ ദാർശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോകത്തെ കുലപതിയാക്കയതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നന്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാൻ വൈകിപ്പോയി. അർഹതപ്പെട്ടത് ഏത് സമയത്തായാലും ലഭിക്കും. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അക്കിത്തത്തെ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന് പത്മ പുരസ്ക്കാരത്തിനായി ശുപാർശ ചെയ്തത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും, അതിനോടൊപ്പം ശുപാർശ ചെയ്ത പത്മഭൂഷൻ നിരസിക്കുകയായിരുന്നു.
ഇതിന് മുന്പ് ജ്ഞാനപീഠം നേടിയ എം .ടി വാസുദേവൻ നായർ ചെറുപ്പത്തിൽ അക്കിത്തത്തിന്റെ വീട്ടിൽ വന്നാണ് പുസ്തകങ്ങൾ വായിച്ചിരുന്നത്. ഇ.എം എസുമായി അഭേദ്യമായ ആത്മ ബന്ധമാണ് അക്കിത്തത്തിന് ഉണ്ടായിരുന്നത് എന്നും മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ കലാ കിരീടം നേടാൻ സംഭാവന നൽകിയ എല്ലാ പ്രതിഭകളേയും സർക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.