കോഴിക്കോട്: യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ എത്ര വമ്പന്മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വലിയവരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അതു ദൈവം ആള്രൂപത്തില് വന്നതാണെങ്കിലും പോലും പിടികൂടുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
ഉടുന്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒരുങ്ങുന്നില്ല. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരേയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ യാതൊരു വീട്ടുവീഴ്ചയും സംഭവിക്കരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സിനിമ മേഖലയില്‍ അംഗീകരിക്കാനാവാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെളിയില്‍ അംഗീകരിക്കാന്‍ പറ്റാത്ത മേഖലയാണ് സിനിമ മേഖല. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവര്ണകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നടിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സംവിധായകന് കമല്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിരുന്നതായും എ.കെ.ബാലന് കൂട്ടിച്ചേര്‍ത്തു.