ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ഒന്നായ ബാലൻ ഡി ഓർ ഇക്കൊല്ലം ആർക്കെന്ന് ഇന്നു രാത്രി അറിയാം. മികച്ച വനിതാ, യുവതാരങ്ങൾക്കും ഇത്തവണ പുരസ്കാരം നൽകുമെന്ന പ്രത്യേകതയുമുണ്ട്. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ തേരോട്ടത്തിന് അന്ത്യം കുറിക്കുന്ന പുരസ്കാര ചടങ്ങാകും ഇന്നത്തേത്. 2007ൽ ബ്രസീലിയൻ താരം കക്ക ബാലൻ ഡി ഓർ നേടിയതിന് ശേഷം മെസിയും റൊണാൾഡോയും മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ.
റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ലൂക്ക മോഡ്രിച്ചിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. മോഡ്രിച്ചിനൊപ്പം അവസാന മൂന്നംഗ പട്ടികയിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാനുമാണ്.
ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു. മോഡ്രിച്ചിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ച ഗ്രീസ്മാനുമാണുള്ളത്. അവസാന മൂന്നംഗ പട്ടികയിൽ മെസി ഇല്ലെന്നതും ശ്രദ്ധേയം.
അതുകൊണ്ടുതന്നെ പത്തു വർഷം നീണ്ട മെസി-റൊണാൾഡോ പുരസ്കാര പങ്കിടൽ അവസാനിക്കുകയാണ്. ഈജിപ്ഷ്യൻ താരം മുഹമ്മദ് സല, ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, ഫ്രാൻസിന്റെ പോൾ പോഗ്ബ തുടങ്ങിയ 30 അംഗ പട്ടികയാണ് പുരസ്കാരത്തിനായി പ്രഖ്യാപിക്കപ്പെട്ടത്.
റൊണാൾഡോയും ഗ്രീസ്മാനും പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് സൂചന. അതിനർഥം ഇവർക്കല്ല പുരസ്കാരമെന്നതുതന്നെ. മോഡ്രിച്ചിനെ വിജയിയായി പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് പ്ലയർ നിശയിലും റൊണാൾഡോ എത്തിയിരുന്നില്ല.
മികച്ച യുവതാരത്തിനുള്ള അണ്ടർ 21 വിഭാഗം പുരസ്കാരം ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ സ്വന്തമാക്കുമെന്ന് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. പ്രഥമ വനിതാ ബാലൻ ഡി ഓർ ബ്രസീലിന്റെ മിന്നും താരമായ മാർത്തയ്ക്കായിരിക്കുമെന്നും സൂചനകളുണ്ട്.
1956
1956ൽ ആരംഭിച്ച ബാലൻ ഡി ഓർ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ് ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസിൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ്. അദ്ദേഹം തന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.
ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കുവേണ്ടി മാത്രമായിരുന്നു പുരസ്കാരം. അതിനാൽ പെലെ, ഡിയേഗോ മാറഡോണ തുടങ്ങിയവർക്ക് ഈ പുരസ്കാരം ലഭിച്ചില്ല. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി എസി മിലാന്റെ ലൈബീരിയൻ താരമായ ജോർജ് വിയ ആയിരുന്നു, 1995ൽ.
1991
ലൂക്ക മോഡിച്ച് ബാലൻ ഡി ഓർ സ്വന്തമാക്കിയാൽ ഈ പുരസ്കാരം നേടുന്ന പഴയ യുഗോസ്ലാവിയൻ മേഖലയിൽനിന്നുള്ള ആദ്യ താരമാകുമദ്ദേഹം. 1991ൽ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവർ ലോതർ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.