തലയോലപ്പറന്പ്: വിനോദത്തിനായി ചൂണ്ട ഇടാൻ പോയ ബാലന്റെ ചൂണ്ടയിൽ കുരുങ്ങിയത് നട്ടർ ഇനത്തിൽപ്പെട്ട ഭീമൻ മത്സ്യം. മൂവാറ്റുപുഴയാറിന്റെ കക്കാട് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചുണ്ടയിട്ട ബാലനു ചുണ്ടയിൽ കിട്ടിയത് 18 കിലോ തൂക്കമുള്ള മത്സ്യമാണ്.
ബാലൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വെള്ളൂർ പീടികത്തറയിൽ സുനിൽ വെള്ളൂർ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുകയാണ്.അവധി ദിവസങ്ങളിൽ ബാലനും സുഹൃത്തുക്കളും മൂവാറ്റുപുഴയാറിൽ ചൂണ്ടയിടും.
കഴിഞ്ഞദിവസം വൈകുന്നേരം മൂവാറ്റുപുഴയാറിന്റെ കക്കാട് ഭാഗത്ത് ചൂണ്ടയിടുന്നതിനിടെയാണ് ഭീമൻ മത്സ്യത്തെ ലഭിച്ചത്. ചൂണ്ടയിൽ കുരുങ്ങിയ വലിയ മത്സ്യത്തെ കാണാൻ കൗതുകത്തോടെ എത്തിയവർ ഒരു കിലോഗ്രാമിന് 250 രൂപ നിരക്കിൽ ബാലനിൽനിന്നും മത്സ്യം വാങ്ങിയാണ് മടങ്ങിയത്.
വർഷങ്ങളായി ചൂണ്ടയിടുന്ന ബാലനു വലിയ മത്സ്യം ലഭിച്ചതിലെ അദ്ഭുതം ഇനിയും മാറിയിട്ടില്ല. ചുണ്ടയിടലിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ ബാർബർ ബാലൻ.