സിജോ പൈനാടത്ത്
കൊച്ചി: പ്രളയം പകര്‍ന്ന സങ്കടജീവിതത്തെ ബാലന് അതിജീവിക്കും. ജീവനോപാധിയായിരുന്ന പശുക്കളും താമസിച്ചിരുന്ന കൊച്ചുകൂരയും പ്രളയം കൊണ്ടുപോയപ്പോള്‍ അവയുടെ തൊഴുത്തില്‍ അന്തിയുറങ്ങേണ്ടിവന്ന ബാലനു കൈത്താങ്ങാകാന്‍ സുമനസുകളെത്തി.നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര ആളംതുരുത്തില്‍ താമസിക്കുന്ന കരുവേലിപ്പാടം ബാലന്റെ ജീവിതകഥ കഴിഞ്ഞ ദിവസം “രാഷ്ട്രദീപിക’യിലൂടെ അറിഞ്ഞവരാണു സഹായഹസ്തങ്ങളുമായി എത്തിയത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, ബാലനു കറവയുള്ള രണ്ടു പശുക്കളെ നല്‍കും. സിയാലിന്റെ ഏവിയേഷന്‍ കോഴ്സില്‍ അധ്യാപകനായ കൊച്ചി സ്വദേശി ബിജുവും വാര്‍ത്ത കണ്ടു ബാലനു പശുവിനെ വാങ്ങി നല്കാന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. വീടു നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്നു ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചു.
സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ബാലന്റെ താമസസ്ഥലത്തെത്തിയാണു പശുക്കളെ നല്‍കാനുള്ള സന്നദ്ധതയറിയിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളിയുടെ നേതൃത്വത്തില്‍ ബാലന്റെ കുടുംബത്തിന് ആവശ്യമായ വീട്ടുപകരണങ്ങള്‍, കട്ടില്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങി നല്കി. സാമ്പത്തിക സഹായവും കൈമാറി. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ജെയ്സി, പ്രദേശവാസിയായ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭാര്യയും അവിവാഹിതയായ മകളും പ്രളയം ബാക്കിയാക്കിയ ഒരു പശുവിനുമൊപ്പമാണു ബാലന് തൊഴുത്തില്‍ അന്തിയുറങ്ങുന്നത്. വീടു നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയില്‍ മുടങ്ങി. എട്ടു പശുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ കറവയുണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പടെ ഏഴു പശുക്കളും പ്രളയത്തില്‍ നഷ്ടമായിരുന്നു. പശുക്കളെ ലഭിക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു ബാലന് പറഞ്ഞു.
നേരത്തെ പശുക്കളെ വാങ്ങുന്നതിനു പ്രദേശത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പാതുക തിരിച്ചടക്കാനാകാത്തതിനാല്‍ ബാലനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതില്‍ ബാങ്ക് ഇളവു ചെയ്തു നല്‍കുമെന്ന പ്രതീക്ഷയിലാണു ബാലന്റ കുടുംബം.