മംഗലംഡാം: മന്ത്രിമാർ പരസ്പരം പുകഴ്ത്തി കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം. മന്ത്രി എ.കെ.ബാലനാണ് ആദ്യം മന്ത്രി മാത്യു ടി.തോമസിനെ വാനോളം പുകഴ്ത്തി ഉയർത്തിയത്. കഴിഞ്ഞവേനലിൽ തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയപ്പോൾ നെയ്യാർഡാമിൽനിന്നും 18 കിലോമീറ്റർ പൈപ്പിട്ട് തിരുവനന്തപുരത്ത് കുടിവെള്ളം എത്തിച്ച മന്ത്രി മാത്യു ടി.തോമസ് മന്ത്രിസഭയിലെ ശക്തനാണെന്നായിരുന്നു എ.കെ.ബാലന്റെ കമന്റ്.
മണിയടി കൂടിയെന്നു തോന്നിയ ബാലൻ ഇതൊന്നും ജലവിഭവമന്ത്രിയെ സോപ്പിടൽ അല്ലെന്നും കൂട്ടിച്ചേർത്തു. നിലച്ചുപോയ പദ്ധതിയാണ് മംഗലംഡാം കുടിവെള്ളപദ്ധതിയെന്നും എ.കെ.ബാലന്റെയും കെ.ഡി.പ്രസേനൻ എംഎൽഎയുടെയും ശ്രമഫലമായാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചതെന്നും മറുപടിയായി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് എ.കെ.ബാലനെന്നും മന്ത്രി മാത്യു ടി.തോമസ് തുറന്നടിച്ചു. തന്റെ മണ്ഡലമായ തരൂരിനെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആലത്തൂരിനു നല്‍കുന്നുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ ആലത്തൂർ എംഎൽഎ പ്രസേനനെ വാഴ്ത്തി പറഞ്ഞു.
രണ്ടു നിയോജകമണ്ഡലങ്ങൾക്കും പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം ആലത്തൂർ മണ്ഡലത്തിൽപെടുന്ന മംഗലംഡാമിൽ സംഘടിപ്പിച്ചതിനെ കുറിച്ചായിരുന്നു മന്ത്രി ബാലന്റെ പരാമർശം.