കൊല്ലം : മഹാത്മാക്കള്‍ തമസ്കരിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന് അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവനില്‍ കമാലുദീന് സ്മാരക അവാര്‍ഡ് സിനിമാസംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദിന് നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന് തുടങ്ങിയ മഹാന്മാരുടെ ജീവിതവും ചരിത്ര പ്രാധാന്യവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് നമ്മുടെ സാംസ്കാരിക നന്മയ്ക്ക് ആവശ്യമാണ്. മഹാന്മാരുടെ രക്തസാക്ഷിത്വദിനങ്ങള് വെറും ചരമദിനമായി നിസാരവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏതു രാഷ്ട്രീയ നേതാവായിരുന്നാലും വ്യത്യസ്ത ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ആയിരുന്നാലും അവര്‍ ജീവിതം സമര്‍പ്പിച്ചത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ഗാത്മകതയിലൂടെ മത്രമല്ല കലാസൃഷ്ടികള്‍ മഹത്തരമാകുന്നത്. സാമൂഹിക പ്രതിബദ്ധതകൂടി ഉണ്ടായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ പി.ടി കുഞ്ഞുമുഹമ്മദ് എന്തുകൊണ്ടും ഈ അവാര്‍ഡിന് അര്‍ഹനാണ്.
മനുഷ്യസ്നേഹത്തിന്റേയും മാനവീകതയുടെയും സന്ദേശങ്ങള്‍ നല്കുന്ന ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രതിഭാധനന്, പ്രവാസലോകം എന്ന പരിപാടിയിലൂടെ പ്രവാസജീവിതത്തിലൂടെ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി അവര്‍ക്ക് പുതുജീവിതം നല്‍കുകയും ഒട്ടേറെ പേര്‍ക്ക് സാന്ത്വനമേകുകയും ചെയ്ത കുഞ്ഞുമുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് നിര്‍ധന രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ ചികിത്സാ സഹായവിതരണവും ഗാന്ധിഭവന് എട്ട് നിര്‍ധന കുടുംബാംഗങ്ങള്‍ക്കായി നടത്തിയ വസ്തുദാനവും നോര്‍ക്ക എക്സി. വൈസ് ചെയര്മാന് കെ. വരദരാജനും പി.ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് നിര്‍വഹിച്ചു.
കെ. വരദരാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, വനിതാകമ്മീഷന് അംഗങ്ങളായ ഷാഹിദാകമാല്‍, ഇ.എം രാധ, ഷാജന് സ്കറിയ, എസ്.സജീഷ്, സി.കെ ഗുപ്തന്, ജി. വാസവന്, നടന് ടി.പി മാധവന്, പി.എസ് അമല്‍രാജ്, ജി.ഭുവനചന്ദ്രന്, , കെ. ഉദയകുമാര്‍, പ്രസന്നരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.