സ്വന്തം ലേഖകൻ
തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായി. ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി.ശശീന്ദ്രൻ കണ്ണൂർ ഐജിക്ക് കത്ത് നൽകി. കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയലാണ് ദുരൂഹ സാഹചര്യത്തിൽ എജി ഓഫീസിൽ നിന്നും അപ്രത്യക്ഷമായത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഫയൽ എജി ഓഫീസിലേക്ക് വിളിപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹർജി ഹൈക്കോടതി തള്ളുകയും കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തു.
ഈ സമയത്താണ് ഫയൽ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപെട്ടത്.തുടർന്നാണ് ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഗവ.പ്ലീഡർ ഐജിക്ക് കത്ത് നൽകിയത്. കേസിന്റെ വിചാരണ ആറിന് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ നടക്കാനിരിക്കെയാണ് ഫയൽ കാണാതായത്.പതിനാല് വർഷം മുമ്പ് നടന്ന ഈ കേസിൽ കഴിഞ്ഞ മാസം ഒന്നിനാണ് പ്രതികൾക്കെതിരെ 302 വകുപ്പ് പ്രകാരം കോടതി കൊലക്കുറ്റം ചുമത്തിയത്.
302 വകുപ്പ് ഒഴിവാക്കി കൊണ്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ശ്രദ്ധയിൽപെട്ട പ്രോസിക്യൂട്ടർ 302ാം വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയതിനെ തുടർന്നാണ് 302 ാം വകുപ്പ് ചുമത്തി കൊണ്ട് കോടതി ഉത്തരവിട്ടത്. 2005 ജനുവരി 27നാണ് വീട് അക്രമിക്കുകയും ബാലൻ നമ്പ്യാരെ അക്രമി സംഘം തലയ്ക്കടിച്ച് വീഴ്ത്തുകയും വീടിന് തീ ഇടുകയും സ്വർണവും പണവും കവരുകയും ചെയ്തിരുന്നത്.. ഗുരുതരമായി പരിക്കേറ്റ ബാലൻ നമ്പ്യാർ 2005 ഫെബ്രുവരി അഞ്ചിനാണ് മരണമടഞ്ഞത്.
കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദൻ നമ്പ്യാർ (70), കോരപ്പറമ്പ് ജയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), മാറോളി വീട്ടിൽ സുഹാസ് (42), പുത്തൻപുരയിൽ സുനിൽകുമാർ (38), ശ്രീനിലയത്തിൽ രൂപേഷ് (40), കല്ലുമ്മൽ ജയേഷ് (38), ഐശ്വര്യയിൽ രതീശ് (40), കല്ല്യാർ രതീശ് കുമാർ (40), ചുണ്ടക്കാട്ട്പറമ്പ് സുരേഷ് കുമാർ എന്ന മണി (41), രാജ് നിവാസിൽ രാജീവൻ (42), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മൽ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് കേസിലെ പ്രതികൾ.