വടകര: പേരാന്പ്രയിലെ വൃദ്ധദന്പതികളെ വെട്ടിക്കൊന്ന കേസ് വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഇന്നലെ ഇരു ഭാഗത്തിന്േറയും വാദം കേട്ട ശേഷമാണ് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റിയത്.
പ്രതി പേരാന്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മൽ ചന്ദ്രനു പരമാവധി ശിക്ഷയായ വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ 51 കാരനായ പ്രതിയെ ആശ്രയിച്ച് കുടുംബമുണ്ടെന്നും പ്രതിക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നു പ്രതിഭാഗവും ബോധിപ്പിച്ചു.
പേരാന്പ്ര ടെലഫോണ് എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവിൽ വട്ടക്കണ്ടി മീത്തൽ ബാലൻ (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചന്ദ്രൻ കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.2015 ജൂലൈ ഒന്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയിൽ ബഹളം കേട്ടെത്തിയ അയൽവാസിയായ പ്ലസ് ടു വിദ്യാർഥി കൊല്ലിയിൽ അജിൽ സന്തോഷിന് (17) വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലൻ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്. കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തിൽ നിന്ന് വളകളും സ്വർണമാലയും അഴിച്ചെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങൾക്കിടയിൽ നിന്ന് 41 സെന്റീ മീറ്റർ നീളമുള്ള കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവർച്ച നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
നേരിട്ട് തെളിവില്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങൾ ശേഖരിക്കാൻ ബിഎസ്എൻഎൽ കേരള സർക്കിൾ ജനറൽ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ഭാഗമായി ഡിഎൻഎ പരിശോധന ഉൾപെടെ നടന്നു.
94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട ബാലന്റെ മകൻ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ച അജിൽ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.പ്രോസിക്യൂഷന് വേണ്ടി അഡ്വ എം.അശോകനും ടി.ഷാജിത്തും പ്രതിഭാഗത്തിന് വേണ്ടി അഡ്വ അബ്ദുള്ള മണപ്പുറത്തും ഹാജരായി. പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് കൊലപ്പെട്ട ബാലന്റെ മകൻ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.