കല്ലടിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലം തച്ചന്പാറയിൽ രുചിയുടെ മേളം തീർത്തിരുന്ന പുന്നക്കല്ലടി ബാലൻ എന്ന ബാലേട്ടൻ വിടവാങ്ങി. നാടൻ രുചിയുടെ നാട്ടു രാജാവാണ് നാടു നീങ്ങിയത്.
തച്ചന്പാറ ദേശബന്ധു സ്കൂളിന് മുന്പിലെ ബാലേട്ടന്റെ കടയിലെ ഓരോ വിഭവങ്ങളും രുചിയുടെ നിറക്കൂട്ടായിരുന്നു.കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഉപയോഗിക്കാതെയാണ് ഓരോ വിഭവങ്ങളും ഉണ്ടാക്കിയിരുന്നത്.
ഇവിടെ ഉണ്ടാക്കുന്ന ഉഴുന്നുവട പ്രസിദ്ധമായിരുന്നു.ഒരിക്കൽ രുചിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവം നൽകുന്നതായിരുന്നു ഇത്.
ദേശീയപാതയിൽ ദേശബന്ധു സ്കൂളിന് മുൻവശം പുലർച്ചെ തുറക്കുന്ന ബാലേട്ടന്റെ കടയിൽ നിന്നും ദോശയും ചട്ണിയും ഇഡ്ഡലിയും ചമ്മന്തിയും ഒപ്പം ഉഴുന്നുവടയും കഴിക്കാൻ എത്തുന്നവർ നിരവധിയാണ്.
ഉച്ചക്ക് പൊന്നി അരിയുടെ ചോറും സാന്പാറും അവിയലും ഉൾപ്പെടെയുള്ള നാടൻ ഉൗണ് കഴിക്കാൻ തച്ചന്പാറക്കാർ മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരും എത്തുമായിരുന്നു.
സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ജംഗ്ഷനിലെ ഓട്ടോ ടാക്സി ജീവനക്കാരും വ്യാപാരികളും ഇവിടെ സ്ഥിര ഉപഭോക്താക്കളായിരുന്നു. കുറഞ്ഞവില എന്ന് മാത്രമല്ല, പണമില്ലെങ്കിലും ആളുകളെ വിശപ്പ് മാറ്റിയാണ് ബാലേട്ടൻ വിട്ടിരുന്നത്.