നവാസ് മേത്തർ
തലശേരി: കൂത്തുപറമ്പ് കുട്ടികുന്നിലെ “തപസ്യ’യിൽ ബാലൻ നമ്പ്യാരെ വീട് ആക്രമിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുഡിഎഫ് ഭരണകാലത്ത് നടന്ന ഫയൽ അപ്രത്യക്ഷമാകലിനു പിന്നിൽ പ്രവർത്തിച്ചത് അന്നത്തെ ഒരു സീനിയർ ഗവൺമെന്റ് പ്ലീഡറാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
കേസ് അട്ടിമറിക്കുന്നതിനും ഫയൽ അപ്രത്യക്ഷമാക്കുന്നതിനും ചുക്കാൻ പിടിച്ചത് കോൺഗ്രസിന്റെ കണ്ണൂരിലെ ഒരു പ്രമുഖ നേതാവാണെന്നും സൂചന ലഭിച്ചതായി അറിയുന്നു.ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിലെ ഒരു പ്രതിയുടെ അടുത്ത സുഹൃത്തായ കോൺഗ്രസ് നേതാവിന്റെ ഇടപെടൽ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് റിപ്പോർട്ട്.
അതിനിടെ ഫയൽ കണ്ടെത്തുന്നതിന് ഉന്നത പോലീസ് ഉദ്യാഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിൽ കണ്ട് നിവേദനം നൽകുമെന്നും അറിയുന്നു. ആദ്യം കേസ് അന്വേഷിച്ച സിഐ സത്യസന്ധമായ അന്വേഷണവുമായി മുന്നോട്ടുപോകവെ കോൺഗ്രസ് നേതാവ് ഇടപെട്ട് സിഐയെ മാറ്റുകയും തുടർന്ന് തന്റെ അടുപ്പക്കാരനെ കൂത്തുപറമ്പിൽ നിയമിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
ഇതേത്തുടർന്ന്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ടുകണ്ട് പരാതി നൽകിയതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നുവെന്ന് ബാലൻ നമ്പ്യാരുടെ ബന്ധുക്കൾ പറയുന്നു. പിന്നീട് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ അന്നത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സ്വാധീനിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്തതായും ഈ നീക്കത്തിന്റെ ഭാഗമായിട്ടാണ് 302ാം വകുപ്പ് പോലും ചുമത്താതിരുന്നതെന്നും അവർ പറഞ്ഞു.
ഫയൽ കൊച്ചിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പ്രാഥമികന്വേഷണത്തിലാണ് ഫയൽ സീനിയർ ഗവൺമെന്റ് പ്ലീഡർ കൈപ്പറ്റിയതായ രേഖകൾ കണ്ടെത്തിയത്. ബാലൻ നമ്പ്യാരുടെ മകൾ വിനീത അഭിഭാഷകരായ പി.എൻ.സുകുമാരൻ, കെ.വിശ്വൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവൈഎസ്പിക്ക് നോട്ടീസ് അയച്ചതിനു പുറമെ കേസിന്റെ വിചാരണ ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറിന് തലശേരി സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
ഫയൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫയൽ കിട്ടാതെ വിചാരണ തുടങ്ങുന്നത് പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയൽ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനീത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സംഭവത്തെ കുറിച്ച് അഡ്വക്കറ്റ് ജനറലിനും കണ്ണൂർ ഐജിക്കും ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി ശശീന്ദ്രൻ റിപ്പോർട്ട് നൽകിയിരുന്നു. വീട് ആക്രമിച്ച് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ 302ാം വകുപ്പ് ചുമത്താതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രോസിക്യൂട്ടർ നൽകിയ ഹർജിയെ തുടർന്നാണ് പ്രതികൾക്കെതിരെ സംഭവം നടന്ന് പതിനാല് വർഷത്തിനു ശേഷം കോടതി 302ാം വകുപ്പ് ചുമത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഫയൽ എജി ഓഫീസിലേക്ക് വിളിപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹർജി ഹൈക്കോടതി തള്ളുകയും കേസ് വിചാരയ്ണക്കായി തലശേരി സെഷൻസ് കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തു. ഈ സമയത്താണ് ഫയൽ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. 2005 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദൻ നമ്പ്യാർ (70), കോരപ്പറമ്പ് ജയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), മാറോളി വീട്ടിൽ സുഹാസ് (42), പുത്തൻപുരയിൽ സുനിൽകുമാർ (38), ശ്രീനിലയത്തിൽ രൂപേഷ് (40), കല്ലുമ്മൽ ജയേഷ് (38), ഐശ്വര്യയിൽ രതീശ് (40), കല്യാർ രതീശ് കുമാർ (40), ചുണ്ടക്കാട്ടുപറമ്പ് സുരേഷ് കുമാർ എന്ന മണി (41), രാജ് നിവാസിൽ രാജീവൻ (42), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മൽ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് കേസിലെ പ്രതികൾ.