നെടുങ്കണ്ടം: ബാലൻപിള്ള സിറ്റിയുടെ ബാലൻ പിള്ള ഇനി ഇല്ല. ഹൈറേഞ്ചിന്റെ കുടിയേറ്റ ഗ്രാമമായ രാക്കൽമേട്ടിനു സമീപമുള്ള പ്രദേശം ബാലൻപിള്ളയുടെ ചായക്കടകൊണ്ടാണ് സിറ്റിയായി മാറിയത്.
ഗ്രാമങ്ങൾക്ക് നാമമില്ലാതിരുന്ന കാലത്ത് ബാലൻപിള്ളയുടെ കട സ്ഥിതിചെയ്തിരുന്ന സ്ഥലം ബാലൻപിള്ള സിറ്റിയായിയെങ്കിലും 40 വർഷം മുന്പ് ബാലൻ പിള്ള ആലപ്പുഴയിലേക്ക് തിരിച്ചുപോയശേഷവും സ്ഥലനാമം ഇവിടെ പതിഞ്ഞുകിടന്നിരുന്നു.
ഇന്നലെ ആലപ്പുഴയിൽ മകളുടെ വീട്ടിൽ 96-ാം വയസിൽ വാർധക്യസഹജമായ രോഗത്താൽ നിര്യാതനായെങ്കിലും ബാലൻപിളള സിറ്റി ബാലൻപിള്ളയെ അനശ്വരനാക്കി നിർത്തിയിരിക്കുകയാണ്.
ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തമിഴ്നാട്ടിൽനിന്നും കാൽനടയായി ആളുകളെത്തുന്ന വഴിയിൽ ഒരു ചെറിയ ചായക്കട നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബാലൻകൃഷ്ണ പിള്ള.
ആലപ്പുഴ പാതിരിപ്പള്ളിയിലെ മകൾ ഗീതയുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു ബാലൻപിള്ളയുടെ അന്ത്യം.
“എൽസമ്മ എന്ന ആണ്കുട്ടി’ എന്ന സിനിമയിലൂടെയാണ് ബാലൻപിള്ള സിറ്റി പ്രശ്സ്തമാവുന്നത്. സിനിമ ചിത്രീകരിച്ചത് ഇവിടെയല്ലെങ്കിലും കഥ നടക്കുന്ന സ്ഥലത്തിന് നൽകിയിരുന്ന പേരും ചരിത്രവും ബാലൻപിള്ള സിറ്റിയുടേതായിരുന്നു.
1957-ൽ പട്ടംകോളനിയുടെ ഭാഗമായി 1076-ാം നന്പർ ബ്ലോക്ക് അനുവദിച്ച് കിട്ടിയ ബാലകൃഷ്ണപിള്ള അവിടെ ഒരു ചായക്കട തുടങ്ങി.
കുടുംബമായി കൃഷിചെയ്ത് താമസിച്ചിരുന്ന വീടിനോടു ചേർന്നായിരുന്നു ചായക്കട. പ്രദേശവാസികളുടെ ആശ്രയമായ ബാലൻപിള്ളയുടെ കട അങ്ങനെ ബാലൻപിള്ള സിറ്റിയായി മാറുകയായിരുന്നു.
നിലവിൽ ബാലൻപിള്ള സിറ്റി എസ്എച്ച് ഹൈസ്കൂൾ കെട്ടിടത്തിന്റെ എതിർവശത്തായിട്ടായിരുന്നു ബാലൻപിള്ളയുടെ ചായക്കട. കരുണാപുരം പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളുടെ സംഗമ സ്ഥലമാണിവിടം.
2018-ൽ രാമക്കൽമെട്ടിൽ ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായാണ് ബാലൻപിള്ള അവസാനമായി ബാലൻപിള്ള സിറ്റിയിലെത്തിയത്.