ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ രണ്ട് ദ ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യംഗ് പീപ്പിൾ (ഐബിബിവൈ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 1967 മുതൽ ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്.
വായന കുറയുന്നു എന്ന പരിദേവനം ഉയരുന്ന കാലത്ത് കുട്ടികളെ ബാല്യംതൊട്ടേ പുസ്തകങ്ങളുമായി പരിചയപ്പെടുത്താൻ നിരവധി ശ്രമങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. ചെറുപ്പത്തിലേ പുസ്തകങ്ങൾ സമ്മാനമായി നൽകുക എന്നത് അതിലൊന്നാണ്. കുട്ടികൾ അവശ്യം വായിച്ചിരിക്കേണ്ട എക്കാലത്തേയും മികച്ച അഞ്ചു പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരിയായ ഇ.കെ.ഷീബ.
1. ടോട്ടോച്ചാൻ
ലോകമെമ്പാടുമുള്ള കുട്ടികളെ ഇതുപോലെ രസിപ്പിച്ച ഒരു പുസ്തകം വേറെയില്ല. കുസൃതിയായ ഒരു പെൺകുട്ടി സമർഥനും വാത്സല്യനിധിയുമായ ഒരു അധ്യാപകന്റെ ശിക്ഷണത്തിൽ മിടുക്കിയായി മാറുന്നത് അതീവഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം.
2.ബെന്നി സ്വന്തം കാലിൽ
(ബെന്നി വാക്ക്സ് ഓണ്‍ ഹിസ് ഓണ്‍ ) അൽബേനിയൻ എഴുത്തുകാരനായ കിസോ ബ്ലുഷിയുടെ നോവൽ. നഗരത്തിലെ ഫ്ലാറ്റിൽ സഹോദരങ്ങളോ കൂട്ടുകാരോ ഇല്ലാതെ ഏകാന്തതയും വിരസതയുമനുഭവിക്കുന്ന ബെന്നി എന്ന കുട്ടി മലമുകളിലെ ഗ്രാമത്തിലെ ബന്ധുവീട്ടിൽ അവധിക്കാലം ചെലവിടാനായി പോകുന്നതും ജീവിതത്തിന്റെ പരുക്കൻവശങ്ങളെ പതിയെ തിരിച്ചറിഞ്ഞ് സ്വയം പര്യാപ്തത നേടുന്നതുമാണ് മനോഹരമായ ഈ നോവലിന്റെ ഉള്ളടക്കം.
3.മഴവിൽപ്പൂ
റഷ്യൻ എഴുത്തുകാരനായ വലൻതീൻ കതായേവിന്റെ മഴവിൽപ്പൂ കുട്ടികളുടെ സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും കഥയാണ്. ഷേനിയ എന്ന പെൺകുട്ടിക്ക് എന്താഗ്രഹവും സാധിപ്പിച്ചു കൊടുക്കുന്ന ഏഴുനിറങ്ങളുള്ള മഴവിൽപ്പൂ കിട്ടുന്നതും ഓരോ ഇതളുകൾ കൊണ്ട് ഓരോരോ കാര്യങ്ങൾ നേടുന്നതും അവസാനം ഏറ്റവും സമ്പന്നമായ സൗഹൃദത്തെ അതിൽ നിന്ന് കണ്ടെത്തുന്നതാണു കഥ. പുസ്തകം പിഡിഎഫ് ഇന്റർനെറ്റിൽ ലഭ്യമാണ്.
4.ഉണ്ണിക്കുട്ടന്റെ ലോകം
എല്ലാകാലത്തും ഏത് പ്രായക്കാരായ കുട്ടികൾക്കും ആസ്വദിച്ചു വായിക്കാവുന്ന പുസ്തകമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. ഒരു ചെറിയ കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ അതിമനോഹരമായി നോക്കിക്കാണുന്ന ഈ നോവൽ ഗ്രാമാന്തരീക്ഷം ഹൃദ്യമായി വരിച്ചിടുന്ന ഒന്നാണ്.
5.പഞ്ചതന്ത്രം കഥകൾ
വിഷ്ണുശർമന്റെ പഞ്ചതന്ത്രം കഥകൾ എല്ലാക്കാലത്തും പ്രസക്തമാണ് . മൂല്യവത്തായ ആശയങ്ങൾ രസകരമായ കഥകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്ന പുസ്തകമാണ് പഞ്ചതന്ത്രം. സുമംഗലയാണ് പുനരാഖ്യാനം.