തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പോലീസിന്റെ തീരുമാനം.
കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
അതേ സമയം കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് ഇന്നലെ ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തും ശ്രീജിത്തിന്റെ പിതാവും ശ്രീതുവിനെതിരേ പോലീസിൽ മൊഴി നൽകിയിരുന്നു. തന്നെ അനുസരിക്കാതെ തന്നിഷ്ടത്തോടെയാണ് ശ്രീതു കഴിഞ്ഞിരുന്നതെന്നും ഹരികുമാർ എല്ലാ കാര്യങ്ങൾക്കും ശ്രീതുവിനോടൊപ്പം നിന്നുകൊണ്ട് തനിക്കെതിരേ വന്നിരുന്നുവെന്നാണ് ശ്രീജിത്ത് ഇന്നലെയും പോലീസിനോട് വ്യക്തമാക്കിയത്. കുട്ടിയുടെ മരണത്തിൽ ശ്രീതുവിനു പങ്കുണ്ടോയെന്നു വിശദമായി അന്വേഷിക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം.
അതേസമയം തന്നിൽ നിന്ന് 30 ലക്ഷത്തിൽപ്പരം രൂപ തന്റെ സുഹൃത്തും ജോത്സ്യനുമായ കരിക്കകം സ്വദേശി ദേവിദാസൻ തട്ടിയെടുത്തെന്ന് ശ്രീതു മൊഴി നൽകിയിരുന്നു. കുട്ടിയുടെ മരണത്തിൽ ആഭിചാരക്രിയകളുടെ സാന്നിധ്യമൊ പ്രേരണയൊ ഉണ്ടായിട്ടുണ്ടൊയെന്നറിയാൻ ഇന്നലെ പോലീസ് സംഘം ദേവിദാസനെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോണ് പോലീസ് വിശദമായ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ശ്രീതു പറഞ്ഞ സാന്പത്തിക ഇടപാടുകൾ ദേവിദാസൻ നിഷേധിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ കൊലപാതകത്തിനു പിന്നിൽ ദേവിദാസനു പങ്കുള്ളതിനു തെളിവില്ലെന്നു മനസിലാക്കി ഇന്നലെ രാത്രിയോടെ ദേവിദാസനെ പോലീസ് വിട്ടയച്ചിരുന്നു. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും ഹരികുമാറുമായി ബന്ധമില്ലെന്നും ദേവിദാസൻ വ്യക്തമാക്കിയിരുന്നു. ഹരികുമാറിന്റെ കുടുംബത്തെ അറിയാമെന്നാണ് ദേവിദാസൻ പോലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാലരാമപുരം കോട്ടുകാൽ കോണത്തെ വാടക വീടായ വാറുവിളാകത്ത് വീട്ടിലെ കിണറ്റിൽ ശ്രീജിത്തിന്റെയും ശ്രീതുവിന്റെയും മകൾ ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ മൊഴികളിൽ വൈരുധ്യം തോന്നിയ പോലീസ് സംഘം ഹരികുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തന്റെ സഹോദരി പുത്രിയായ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന കുറ്റം സമ്മതിച്ചത്.