തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശ്രീതുവിന്റെയും കൊലപാതകക്കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ അന്വേഷണസംഘം.
ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. പലപ്പോഴും സ്ഥിരതയില്ലാത്തതും പരസ്പര വിരുദ്ധവുമായി കാര്യങ്ങൾ പറഞ്ഞിരുന്ന ഹരികുമാറിനെ മാനസിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ഈ കേസിലും കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ പത്ത് പേരെ കബളിപ്പിച്ച് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിരവധിപേർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി കെ. എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.