ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്നലിൽ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ല. ട്രെയിന്‍ കടന്നുപോകുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനകളൊന്നും നടത്തിയില്ല. കോറമാണ്ഡല്‍ എക്സ്പ്രസിന് ഗ്രീന്‍ സിഗ്നല്‍ കൊടുത്തത് മുതല്‍ ഉണ്ടായ പിഴവാണ് അപകടത്തില്‍ കലാശിച്ചത്.
ബെഹനഗ റെയില്‍വേ സ്റ്റേഷനിലെ സിഗ്നലിംഗ് സംവിധാനത്തിലും, ട്രാഫിക്ക് ഓപ്പറേഷനിലും ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിന്റെ ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ 293 പേര്‍ക്കാണ് ജീവന് നഷ്ടമായത്.