ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഉദ്യോഗാർഥികളുടെ മുത്താണ് ഈ പരിശീലകൻ. ജീവിതകാലം മുഴുവൻ മനസിൽ താലോലിക്കുന്ന ഏറ്റവും പ്രിയങ്കരൻ.ഇത് കണ്ണന്പ്ര മഠത്തിപറന്പിലെ റിട്ട. എസ്ഐ ബാലസുബ്രഹ്്മണ്യൻ.
ഇദ്ദേഹത്തിന്റെ കായിക പരിശീലനത്തിൽ 13 വിവിധ വകുപ്പുകളിലായി ഇതിനകം ജോലി ലഭിച്ചവർ എഴുനൂറിലധികം പേർ.
പോലീസ് സേനയിൽ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പിഎസ്സി ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്ന സൗജന്യ കായിക പരിശീലകൻ.
കാര്യക്ഷമതയുള്ള ഒരു ഉദ്യോഗാർഥി വഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. ജോലി ലഭിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതുതന്നെയാണ് തന്റെ അധ്വാനത്തിന്റെ പ്രതിഫലമെന്ന് ബാലസുബ്രഹ്്മണ്യൻ പറയുന്നു.
കേരള പോലീസിൽ ഹൈജന്പറായിരുന്ന ബാലസുബ്രഹ്്മണ്യൻ റിട്ടയർമെന്റിനു ശേഷം മാസ്റ്റേഴ്സ് മീറ്റുകളിൽ ഇതേ ഇനത്തിൽ കഴിഞ്ഞ 10 വർഷമായി സ്റ്റേറ്റ് ചാന്പ്യൻ.
ദേശീയ ചാന്പ്യൻപട്ടവും പലതവണ നേടി. അങ്ങനെ പ്രത്യേകതകൾകൊണ്ട് സന്പന്നമാണ് 52 കിലോ മാത്രം ശരീരഭാരമുള്ള ഈ 66 കാരൻ.
പാലക്കാടിനു പുറമെ തൃശൂർ, മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്.
രാവിലെ 6.30 മുതൽ ഒന്പതു വരെയാണ് പരിശീലനം.മഴയോ മഞ്ഞോ വെയിലോ ഒന്നും പരിശീലനങ്ങൾക്കു തടസങ്ങളല്ല. നല്ല മഴയാണെങ്കിലും പരിശീലനം മുറയ്ക്ക് നടക്കും.
ഇതിനായി വീട്ടിലെ അത്യാവശ്യങ്ങൾ പോലും മാറ്റിവച്ച് സ്വന്തം സ്കൂട്ടറിൽ പരിശീലന സാധനങ്ങളുമായി ബാലസുബ്രഹ്്മണ്യൻ കണ്ണന്പ്ര ഋഷിനാരദമംഗലത്ത് എത്തും. പാതയോരത്തെ ചെറിയ സ്ഥലവും വാഹന തിരക്ക് കുറവുള്ള റോഡുകളുമാണ് പരിശീലന കേന്ദ്രങ്ങൾ.
ഇന്നലെ മാഷിനും കുട്ടികൾക്കും അപൂർവ നിമിഷങ്ങളായിരുന്നു. ആണ് പെണ് ഉൾപ്പെടെ 100 പേരുണ്ടായിരുന്ന ഈ ബാച്ചിലെ ഏതാനും പേർ ഒഴികെ മറ്റു എല്ലാവരും തന്നെ പോലീസ് സേനയുടെ കായികക്ഷമത ടെസ്റ്റിൽ പാസായി ജോലി ഉറപ്പാക്കിയിരിക്കുകയാണ്.
ഈ അപൂർവ സന്തോഷം പങ്കുവക്കാൻ ഇന്നലെ ഉദ്യോഗാർഥികൾ കണ്ണന്പ്ര വനിതാ ഹാളിൽ ഒത്തുകൂടുകയും ചെയ്തു.
കുട്ടികളെ ചെറുപ്പത്തിൽ തന്നെ സ്പോർട്സ് സ്കൂളുകളിൽ വിടാൻ മാതാപിതാക്കൾ താത്പര്യം കാണിക്കണമെന്നാണ് നിരവധി പേരെ ജീവിതത്തിലേക്കു പിടിച്ചുകയറ്റുന്ന ബാലസുബ്രഹ്്മണ്യനു നൽകാനുള്ള ഉപദേശം.
കഴിവുള്ള കുട്ടികളുണ്ട്. അതു കണ്ടെത്തി വേണം പരിശീലനം. സാധിക്കാവുന്ന കാലം വരെ തന്റെ സേവനം തുടരണമെന്നാണ് ആഗ്രഹമെന്നും ബാലസുബ്രഹ്്മണ്യൻ പറഞ്ഞു.
പഞ്ചായത്തിന്റെയും നാട്ടുകാരുടെയും വലിയ പിന്തുണയും ഇതിനെല്ലാമുണ്ട്. ഭാര്യ: പ്രസന്ന. രണ്ട് മക്കളുണ്ട് ആതിരയും അശ്വിനും.