മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത മൂലം അധ്യയന വർഷം നഷ്ടമായ വിദ്യാർഥി നഷ്ടപരിഹാരം തേടി ബാലാവകാശ കമ്മീഷനെ സമീപിച്ചു. വളാഞ്ചേരി സ്വദേശിയായ വിദ്യാർഥിയാണ് കഴിഞ്ഞ മാർച്ചിൽ നടന്ന ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിർണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇന്നലെ മലപ്പുറം കളക്ടറേറ്റ് കോണ്ഫൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായെത്തിയത്.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരുന്നതിനെ തുടർന്നു ഉത്തരപേപ്പറിന്റെ പകർപ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോൾ മൂന്നു അഡീഷണൽ ഷീറ്റുകൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു നടപടി ആവശ്യപ്പെട്ടു വിദ്യാർഥി നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. ഇതനുസരിച്ചു കമ്മീഷൻ നോട്ടീസ് നൽകി. മൂല്യനിർണയം നടത്തിയ രണ്ടു അധ്യാപകരിൽ നിന്നു പ്രതിഫല തുകയും മറ്റു ആനുകൂല്യങ്ങളും ഹയർസെക്കൻഡറി വകുപ്പ് തിരിച്ചു പിടിച്ചു.
എന്നാൽ അപാകത മൂലം അധ്യയന വർഷം നഷ്ടമായെന്നും മറ്റും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വിദ്യാർഥി ഇന്നലെ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മേൽ സാഹചര്യങ്ങൾ പരിശോധിച്ച് കമ്മീഷൻ പുതിയ ഉത്തരവ് പുറപ്പെടുവിക്കും.ആകെ പത്തു പരാതികളാണ് ഇന്നലെ നടന്ന സിറ്റിംഗിൽ പരിഗണിച്ചത്. പുതുതായി ഒരു കേസും പരിഗണനക്ക് വന്നു. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. എം.പി ആന്റണി, ഫാ. ഫിലിപ്പ് പരക്കാട്ട്, നസീർ ചാലിയം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസുകൾ പരിശോധിച്ചത്.
കുട്ടികളെയും കൂട്ടി മരുമകൾ മറ്റൊരാൾക്കൊപ്പം പോയെന്നും കുട്ടികളെ തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവിന്റെ മാതാവ് പരാതിയുമായെത്തി. എറണാകുളം ജില്ലയിലാണ് ഇവർ നിലവിൽ താമസിക്കുന്നത്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്നു കാണിച്ച് നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ഹാജരായി. ഒരു മാസത്തിനകം അടിസ്ഥാന സൗകര്യ വികസനം പൂർത്തീകരിക്കുമെന്ന് കമ്മീഷനെ അറിയിച്ചു.
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്നു കാണിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയെ തുടർന്നു കമ്മീഷൻ അംഗങ്ങൾ ഇന്നലെ സ്കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഈ കേസിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. മാരകമായ അസുഖം കാരണം കഴിഞ്ഞ തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു ഒരു വിദ്യാർഥി നൽകിയ പരാതിയിൽ ഇതു പ്രത്യേക കേസായി പരിഗണിച്ച് അനുമതി നൽകാൻ വകുപ്പ് സെക്രട്ടറിയോടു ആവശ്യപ്പെട്ടു.
എടപ്പാളിൽ മർദനമേറ്റ നാടോടി ബാലികക്ക്് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് നൽകിയ ഹരജിയും ഇന്നലെ പരിഗണനക്ക് വന്നു. ഈ കേസുമായി ബന്ധപ്പെട്ടു ബാലികക്ക് എല്ലാ വിധ സംരക്ഷണവും നൽകിയതായി തിരൂർ ഡിവൈഎസ്പി കമ്മീഷനു റിപ്പോർട്ട് നൽകി. കുട്ടിയുടെ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.