അടൂര്‍: ബാലവേലയില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞു വന്നിരുന്ന തമിഴ്നാട് സ്വദേശികളായ ആറ് കുട്ടികളെ നാട്ടിലേക്ക് അയച്ചു.
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉത്തരവു പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും ജുവനൈല്‍ പോലീസും ചേര്‍ന്നാണ് കുട്ടികളെ കുമളി ചെക്ക് പോസ്റ്റില്‍ എത്തിച്ചത്. ഇവിടെ നിന്നു കുട്ടികളുടെ ചുമതല തേനി ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
മാര്‍ച്ച് 17-നാണ് അടൂര്‍ മണക്കാല ചിറ്റാണിമുക്കിലുള്ള ബേക്കറിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുട്ടികൾ ജോലിയില്‍ ഏര്‍പ്പെട്ടതായുള്ള പരാതിയെത്തുടര്‍ന്ന് കുട്ടികളെ കണ്ടെത്തുന്നത്. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളെ മഹാത്മജനസേവനകേന്ദ്രത്തില് താത്കാലിക സംരക്ഷണത്തിനായി പാര്‍പ്പിക്കുകയായിരുന്നു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരായ ഷാന്‍ രമേശ് ഗോപന്, കെ.ആര്. വിന്‍രാജ്, എം.ആര്. രഞ്ജിത് എന്നിവരാണ് കുട്ടികളെ കൊണ്ടു പോകുന്നതില്‍ നേതൃത്വം കൊടുത്തത്. മഹാത്മ ജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീല്‍ഡ എന്നിവര്‍ കുട്ടികളെ യാത്ര അയക്കാന്‍ എത്തിയിരുന്നു.