എടക്കര: വനങ്ങൾക്കുള്ളിലെ പട്ടികവർഗ കോളനികളിൽ്ര പവർത്തിക്കുന്ന ബാലവിജ്ഞാന കേന്ദ്രങ്ങളിലെയും സമാന സ്ഥാപനങ്ങളിലെയും അധ്യാപകർക്കും, സഹായികൾക്കും ഓണറേറിയം ലഭിക്കാതായിട്ട് നാല് മാസം.
പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഇരുട്ടുകുത്തി, തണ്ടൻകല്ല്, വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി എന്നീ ബാല വിജ്ഞാന കേന്ദ്രങ്ങളിലെയും ചാലിയാർ പഞ്ചായത്തിലെ പാലക്കയം പെരിത് പെറ്റാറ്റിക്സ്, അരീക്കോട് പഞ്ചായത്തിലെ ഓടക്കയം കിന്റർ ഗാർഡൻ എന്നീ സ്ഥാപനങ്ങളിലെ അധ്യാപകർക്കും സഹയികൾക്കുമാണ് കഴിഞ്ഞ നാല് മാസമായി ഓണറേറിയം നൽകാൻ അധികൃതർ തയാറാകാത്തത്.
പട്ടികവർഗ കോളനികളിലെ മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബാലവിജ്ഞാന കേന്ദ്രം അധ്യാപകർക്ക് നാലായിരവും, മറ്റ് രണ്ട് സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഏഴായിരവുമാണ് ഓണറേറിയം നൽകിവരുന്നത്.
ഒരേ രിതിയിലുള്ള പ്രവർത്തനമാണ് ഈ സ്ഥാപനങ്ങളിൽ നടക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടിന് പട്ടികവർഗ വികസന വകുപ്പിന്റെ നിർദേശപ്രകാരം ഈ സ്ഥാപനങ്ങൾ അടച്ചിരുന്നു. സ്ഥാപനങ്ങളിൽ സ്റ്റോക്കുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ തിരികെ നൽകാനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു.
മാർച്ച് പന്ത്രണ്ട് വരെയുള്ള കാലയളവിലെ ഓണറേറിയം ഇവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള കാലയളവിൽ ഐടിഡിപി അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അധ്യാപകർ നിരവധി തവണ നിലന്പൂർ ഐടിഡിപി ഓഫീസിൽ ബന്ധപ്പെട്ടുവെങ്കിലും ഓണറേറിയത്തിനുള്ള റിക്വസ്റ്റ് ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
എന്നാൽ കഴിഞ്ഞ മാസം പതിനൊന്നിനാണ് ഇത് സംബന്ധിച്ച റിക്വസ്റ്റ് നിലന്പൂർ ഓഫിസിൽ നിന്നും അയച്ചിട്ടുള്ളത്. ഐസിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ മുടക്കംകൂടാതെ ഇപ്പോഴും നൽകിവരുന്നുണ്ട്.
എന്നാൽ ബാലവിജ്ഞാനകേന്ദ്രങ്ങളിൽ ഇത് നിർത്തിയത് കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതിന് പകരമായി പൊതുവിതരണ കേന്ദ്രങ്ങൾ വഴി കുട്ടികൾക്കായി കിറ്റുകൾ നൽകുമെന്നാണ് ഐടിഡിപിയുടെ വിശദീകരണം.
എന്നാൽ ഇതുവരെയും ഒരു കേന്ദ്രത്തിലും കിറ്റുകൾ ലഭിച്ചിട്ടില്ല. ആനക്കാടുകളിലൂടെ കിലോമീറ്ററുകൾ കാൽനടയായി താണ്ടി കുരുന്നുകൾക്ക് വിദ്യ പകരാനെത്തുന്ന ബാലവിജ്ഞാ കേന്ദ്രങ്ങളിലെയും, പെരിത് പെറ്റാറ്റിക്സ, കിന്റർ ഗാർഡൻ കേന്ദ്രങ്ങളിലെയും അധ്യാപകരും സഹായികളും കടുത്ത അവഗണനയാണ് നേരിടുന്നത്.