മണ്ണഞ്ചേരി: അഭിനയിച്ചു കിട്ടിയ കാശ് ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യക്കിറ്റായും പണമായും നൽകി ബാല താരം മാതൃകയായി.
മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് ഞാണ്ടിരിക്കൽ ഗോകുലത്തിൽ മനോജ്-ബിന്ദു ദമ്പതികളുടെ മകൻ നന്ദു കൃഷ്ണയെന്ന ബാലതാരമാണ് സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചതിനു പ്രതിഫലമായി ലഭിച്ച തുക കോവിഡ് ദുരിതം അനുഭവിക്കുന്ന രോഗികൾക്കടക്കം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും പണമായി നൽകിയും മാതൃകയായത്.
ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിൽ വാർഡ് മെംബർ സുധർമ, മണ്ണഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ സുധീഷ് എന്നിവർ ബാലതാരത്തോടൊപ്പം പങ്കെടുത്തു.
അറുപത്തിയെട്ടു കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ നൽകിയെന്ന് മാതാവ് ബിന്ദു പറഞ്ഞു. ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായ നന്ദു കൃഷ്ണ ഇതിനോടകം രണ്ടു തമിഴ് സിനിമകളിലും ഇരുപത്തി മൂന്നോളം ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രവാസിയായ മനോജും ഭാര്യയും ചേർന്ന് ആലപ്പുഴ തിരുമല വിളഞ്ഞൂർ ക്ഷേത്രത്തിനു സമീപം തയ്യൽ യൂണിറ്റ് നടത്തിവരുകയാണ്.
നവ്യയാണ് നന്ദു കൃഷ്ണയുടെ ഏക സഹോദരി. മകന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയുമായി അച്ഛനും അമ്മയും കൂടെയുണ്ട്.