കൂത്തുപറമ്പ്: മമ്പറം ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന കെ.വി.കെ. എന്നറിയപ്പെട്ട കെ.വി.കെ ബാലൻ ഓർമയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായ ഇദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. എല്ലാവരോടും പ്രത്യേക വാത്സല്യമായിരുന്നു ഇദ്ദേഹത്തിന്.
ബാലേട്ടൻ പേരെടുത്തു വിളിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കുകളിൽ തുളുമ്പിയിരുന്ന സ്നേഹം അനുഭവിച്ചറിഞ്ഞവരാണ് പ്രദേശവാസികളിൽ ഓരോരുത്തരും. നാടിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ പങ്കുചേർന്ന ഒരു മനുഷ്യൻ.
കുഞ്ഞിന്റെ പേരിടൽ ചടങ്ങായാലും വീടിന്റെ കുറ്റിയടിയായാലും കല്യാണചടങ്ങോ മരണ വീടോ ആയിക്കൊള്ളട്ടെ, നാട്ടിലെ ഓരോ കുടുംബത്തിന്റെയും എല്ലാ സുഖ ദുഃഖ വേളയിലും താങ്ങും തണലുമായി ഇദ്ദേഹം നിലകൊണ്ടു.
എല്ലായിടത്തും ആദ്യം എത്തി എല്ലാം കഴിഞ്ഞ് അവസാനം പോകുന്നതായിരുന്നു ശീലം. കല്യാണം കഴിക്കാത്ത ഇദ്ദേഹം ആയിരക്കണക്കിന് വിവാഹങ്ങൾ മംഗളകരമായി നടത്തി.
മരിച്ച വീട്ടിൽ കയറിചെല്ലുമ്പോൾ ഏത് സമയത്തായായാലും ഉമ്മറത്തു ഉണ്ടാകുമായിരുന്നു ബാലേട്ടൻ. നിസ്വാർത്ഥമായ പൊതു പ്രവർത്തനം എങ്ങനെയാവണമെന്നതിന് മാതൃകയായിരുന്നു ഇദ്ദേഹം.
ബീഡി കമ്പനി മേസ്ത്രിയായിരുന്ന ഇദ്ദേഹം മമ്പറത്തെ കോൺഗ്രസ് പരിപാടികളുടെ സംഘാടകനായിരുന്നു.വേങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, വാർഡ് മെമ്പർ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സ്കൂളിൻ്റെ നിലവിലെ സെക്രട്ടറി കൂടിയാണ്.രണ്ടു വർഷത്തോളമായി ഹൃദയ- വൃക്ക സംബന്ധമായ അസുഖങ്ങൾക്കൊപ്പം കോവി ഡാണ് ഇദ്ദേഹത്തിൻ്റെ ജീവനെടുത്തത്.
അതിനാൽ തന്നെ എല്ലാവരുടെയും അന്ത്യകർമങ്ങൾക്ക് മേൽനോട്ടം നൽകാറുള്ള ബാലേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ പലർക്കും കഴിഞ്ഞില്ല.
മരണ ശേഷം ശരീരം പരിയാരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠിക്കാൻ നൽകണമെന്ന അദേഹത്തിന്റെ ആഗ്രഹം വിധി കോവിഡിന്റെ രൂപത്തിൽ അനുവദിച്ചില്ല.
മൃതദേഹം കയറ്റിയ വാഹനം ഇന്നലെ ഉച്ചയോടെ മമ്പറത്ത് എത്തിയപ്പോൾ വാഹനത്തിന് പുറത്ത് വെച്ച് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.തുടർന്ന് പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്ക്കരിച്ചു.