കൽപ്പറ്റ: പാര ഫെഡറൽ സർവകലാശാലയും പാരമീസ് എമിലിയോഗോൾഡി മ്യൂസിയവും സംയുക്തമായി ബ്രസീലിയൻ പട്ടണമായ ബലേമിൽ ഏഴ് മുതൽ 10 വരെ നടത്തുന്ന പതിനാലാമത് അന്താരാഷ്ട്ര വംശീയ ജൈവശാസ്ത്ര കോണ്‍ഗ്രസിലും പന്ത്രണ്ടാമത് ബ്രസീലിയൻ വംശീയ ജൈവശാസ്ത്ര സിംപോസിയത്തിലും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതിനു വയനാട്ടിലെ പാരന്പര്യ കർഷകൻ ചെറുവയൽ രാമനും നരവംശശാസ്ത്രഞ്ജനും കോഴിക്കോട് ക്രസ്റ്റ്(സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ)പ്രൊജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാറും യാത്രതിരിച്ചു.
നെടുന്പാശേരിയിൽനിന്നു ദുബായ്, സാവോപോളോ വഴിയാണ് ബലേമിലേക്കു ഇരുവരുടെയും യാത്ര. ഗോത്രജനതയുടെ അവകാശങ്ങളും ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും എന്ന വിഷയത്തിലാണ് ഇത്തവണ ബലേമിൽ അന്താരാഷ്ട്ര വംശീയ ജൈവശാസ്ത്ര സമ്മേളനം. അന്താരാഷ്ട്ര വംശീയ ജൈവ വൈവിധ്യ സൊസൈറ്റി, ബ്രസീലിയൻ സൊസൈറ്റി ഓഫ് എത്നോബയോളജി ആൻഡ് എത്നോ ഇക്കോളജി എന്നിവ സമ്മേളനവുമായി സഹകരിക്കുന്നുണ്ട്.
തദ്ദേശീയ ജനവിഭാഗങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയും പരന്പരാഗത ജീവിതശീലങ്ങളും പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും ആസ്പദമാക്കി ശാസ്ത്രീയ, സാമൂഹിക, നൈതിക, രാഷ്ട്രീയ മാനങ്ങളിലുള്ള അന്വേഷണവും ബലേം സമ്മേളനത്തിന്റെ ഭാഗമാണ്. ആദ്യത്തെ അന്താരാഷ്ട്ര വംശീയ ജൈവശാസ്ത്ര കോണ്‍ഗ്രസ് ഗോൾഡി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ 1988 ലാണ് നടത്തിയത്.
ഈ സമ്മേളനത്തിലാണ് പിൽക്കാലത്ത് പ്രസിദ്ധമായ ബലേം പ്രഖ്യാപനം ഉണ്ടായത്. ഗോത്രസമുദായങ്ങളും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധത്തെയും ഗോത്രസമുദായങ്ങളുടെ വാസസ്ഥലത്തിനും പ്രകൃതി വിഭവങ്ങൾക്കും പാരന്പര്യ അറിവുകൾക്കും മേലുള്ള അവകാശത്തെയും പ്രതിപാദിക്കുന്ന ആധികാരിക രേഖയായാണ് ബലേം പ്രഖ്യാപനത്തെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ 30 വർഷങ്ങൾക്കിടെ ലോകത്തുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വംശീയ ജൈവശാസ്ത്രത്തിന്റെയും ബലേം പ്രഖ്യാപനത്തിന്റെയും പ്രാധാന്യം സമ്മേളനം വിലയിരുത്തും. 50ൽപരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും രണ്ടായിരത്തിൽപരം ഗവേഷകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടക സമിതി അറിയിച്ചതെന്നു ജയ്ശ്രീകുമാർ പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകനും നിയമജ്ഞനുമായ ഡോ.ഷാജി തോമസ് സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാളാണ്. മൂന്നു പതിറ്റാണ്ടുകളായി ആമസോണ്‍ മേഖലയിലെ ഗോത്രജനതക്കിടയിൽ പ്രവർത്തിച്ചുവരികയാണ് ഡോ.ഷാജി തോമസ്. ഇദ്ദേഹമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു രാമനും ജയശ്രീകുമാറിനും അവസരം ഒരുക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങളെ ഒരു വേദിയിൽ കൊണ്ടുവരിക, അവരുടെ കാലിക പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുക എന്നിവയും സമ്മേളന ലക്ഷ്യമാണ്. ആറു പതിറ്റാണ്ടുകളായി ജൈവ പൈതൃക സംരക്ഷണ രംഗത്തു പ്രവർത്തിച്ചുവരികയാണ് മാനന്തവാടി കമ്മന സ്വദേശിയായ രാമൻ. വംശനാശം നേരിടുന്നതടക്കം 65 ലധികം ഇനം നെൽവിത്തുകൾ കൃഷിചെയ്തു സംരക്ഷിക്കുന്ന രാമൻ 2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു.