തൃശൂർ: ബാലറ്റിൽ കൈപ്പത്തി ചെറുതായി, താമരയുടെ വലിപ്പം കൂടിയെന്ന് കോണ്ഗ്രസ് നേതാക്കൾ. ഇതോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സീൽ ചെയ്യുന്നത് തടഞ്ഞു.
ഇന്നു രാവിലെ രാമവർമപുരം എൻജിനിയറിംഗ് കോളജിലാണ് സംഭവം. ബാലറ്റ് പേപ്പർ കണ്ടപ്പോഴാണ് കൈപ്പത്തിയുടെ വലിപ്പം കുറഞ്ഞതായി കോണ്ഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ബഹളമായി. സംഭവമറിഞ്ഞ് ജില്ലാ വരണാധികാരിയായ കളക്ടർ ടി.വി.അനുപമ സ്ഥലത്തെത്തി കോണ്ഗ്രസ് നേതാക്കളുമായി സംസാരിച്ചു.
ആദ്യം ആനയുടെ ചിഹ്നവും രണ്ടാമത് കൈപ്പത്തിയുമാണ്. എന്നാൽ നാലാമത്് കൊടുത്തിരിക്കുന്ന താമരയുടെ ചിഹ്നത്തിനാണ് കൂടുതൽ വലിപ്പമെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെ സ്കെയിലെടുത്ത് കളക്ടർ ചിഹ്നങ്ങളുടെ വലിപ്പം പരിശോധിച്ചെങ്കിലും കോണ്ഗ്രസ് നേതാക്കൾ അടങ്ങിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു തന്ന ചിഹ്നത്തിന്റെ വലിപ്പമാണ് ബാലറ്റിൽ കൊടുത്തിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. എന്നാൽ തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി നേതാക്കൾ രേഖാമൂലം കളക്ടർക്ക് പരാതി നൽകി.
സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരോട് പറഞ്ഞിട്ടുണ്ടെന്ന് എം.പി.വിൻസന്റ് പറഞ്ഞു. സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ കൈപ്പത്തി ചെറുതാക്കി, താമരയുടെ വലിപ്പം കൂട്ടിയതായാണ് ആരോപണം ഉയരുന്നത്. വലിപ്പം കുറഞ്ഞതിനെ സംബന്ധിച്ച് വൈകുന്നേരത്തോടെ തീരുമാനമറിയിക്കാമെന്ന് കളക്ടറുടെ ഉറപ്പിനെ തുടർന്ന് കോണ്ഗ്രസ് നേതാക്കൾ പിൻമാറിയതോടെയാണ് ബാലറ്റ് സീൽ ചെയ്യുന്ന നടപടി തുടങ്ങാനായത്.