കുടുംബപ്രേക്ഷകർ ഒന്നടങ്കം തിയറ്ററിൽ എത്തിയ സിനിമകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ. ടി.എ ഷാഹിദിന്റെ തിരക്കഥയിൽ വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലേട്ടൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിന്റെ തിരക്കഥയെഴുതുന്പോൽ നായകനായി ആദ്യം മനസിൽ കണ്ടിരുന്നത് മറ്റൊരു നടനേയായിരുന്നെന്ന് വി.എം വിനു പറയുന്നു.
കണ്മഷിക്കു ശേഷം അടുത്ത ചിത്രത്തെക്കുറിച്ചുള്ള ആലോചനയിൽ ഇരിക്കുന്പോഴാണ് ഷാഹിദ് ഒരു കഥപറയാൻ എന്നെ കാണാനെത്തുന്നത്.
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോൾ തന്നെ ഹൃദയസ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ ഞാനതിൽ കണ്ടു.
കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂർത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടർന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂർത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു.’
ഈ തിരക്കഥയിൽ ആരെയാണ് നായകനായി മനസിൽ കാണുന്നതെന്ന് ഞാൻ ചോദിച്ചപ്പോൽ “ജയറാമായാൽ കലക്കില്ലേ’ എന്നാണ് ഷാഹിദ് ചോദിച്ചത്.
എന്നാൽ കഥ കേട്ടപ്പോൾ തന്നെ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹൻലാലിന്റേതായിരുന്നു. മോഹൻലാൽ എന്ന നടനിൽ നിന്ന് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്.
ജയറാമാണെങ്കിൽ അത്തരം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്. കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നമുക്കിത് ഉടൻ തന്നെ ചെയ്യാമെന്നാണ് പറഞ്ഞത്. ഒരഭിമുഖത്തിൽ വി.എം വിനു പറഞ്ഞു. -പി.ജി