ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആയിരങ്ങൾ ആലുവമണപ്പുറത്ത് ഇന്നലെ രാത്രി ബലിയിട്ടു. ഇന്നുപുലർച്ചെയും തുടരുന്ന ബലിതർപ്പണം ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ തുടരും.സംസ്ഥാനത്തെമ്പാടു നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇന്നലെ രാവിലെ മുതൽ മണപ്പുറത്തേക്ക് എത്തി തുടങ്ങിയിരുന്നു.
രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് ഭക്തർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കിന് ശേഷമാണ് രാത്രി 12 മണിയോടെ ഔദ്യോഗികമായി ബലിത്തർപ്പണം ആരംഭിച്ചത്. മണപ്പുറത്തെ കടവുകളോട് ചേർന്ന് മുന്നൂറോളം ബലിപ്പുരകൾ സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പുരോഹിതൻമാർ തർപ്പണത്തിന് നേതൃത്വം നൽകി. മറു കരയിലുള്ള അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കിയിരുന്നു.
പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രിയായതിനാൽ ദേവസ്വം ബോർഡിനും ആലുവ നഗര സഭയ്ക്കും ഒരുക്കങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. ഒരു കോടി രൂപയോളം രൂപ മുടക്കിയാണ് ശിവരാത്രി മണപ്പുറം പൂർവ്വസ്ഥിതിയിലാക്കിയതെന്ന് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം ഇന്നലെ മണപ്പുറത്ത് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പറഞ്ഞു.
മണപ്പുറത്ത് റൂറൽ എസ്.പി. രാഹുൽ.ആർ. നായരുടെ നേതൃത്വത്തിൽ 1500 ഓളം പൊലീസുകാരുണ്ടായിരുന്നു. നൂറ് കണക്കിന് സി.സി.ടി.വി. കാമറകളും നിരവധി വാച്ച് ടവറുകളും നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്നു. എക്സൈസ്, റവന്യൂ വിഭാഗങ്ങളുടെ പരിശോധനയും മണപ്പുറത്ത് നടന്നിരുന്നു. നഗര സഭയുടെ വ്യാപാരമേള ഇ മാസം 31 വരെ നീളും.