ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ ചിത്രവാടി ഗ്രാമത്തിൽ ശവക്കല്ലറയിൽനിന്നു പത്തു വയസുകാരിയുടെ ശിരസ് അജ്ഞാതർ മോഷ്ടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ഈ മാസം അഞ്ചിന് ആറാം ക്ലാസ് വിദ്യാർഥിനി കൃതിക വീടിനു പുറത്തു കളിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു തലയ്ക്കു ഗുരുതരമായി പരക്കേറ്റിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 14ന് മരിച്ചു. കൃതികയുടെ കല്ലറയിൽനിന്ന് തല മാത്രം കവർന്നെടുക്കുകയായിരുന്നു.
സംസ്കാരം കഴിഞ്ഞു 10 ദിവസത്തിനുശേഷമാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. കല്ലറയിൽ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസിലായത്.
ഉടനെ പോലീസിൽ പരാതി നൽകി. ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കൈയ്യുറകളും ടോർച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി.
അപൂർവമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാർ. മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നു ചിറ്റമൂർ പോലീസ് പറഞ്ഞു.