തിരുവനന്തപുരം: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്പോൾ കേരളത്തിൽ നാളെയാണ് വലിയപെരുന്നാള് (ബക്രീദ്).
ആത്മസമര്‍പ്പണത്തിന്റെ ഓര്മ പുതുക്കുന്ന പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും.
വലിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ബക്രീദ് നാളെയായ സാഹചര്യത്തിൽ ഇന്നത്തെ അവധി നിലനിർത്തി നാളെകൂടി അവധിയായി നിശ്ചയിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി നാളെയാ ണെന്നു കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ഇന്ന് നിയന്ത്രിത അവധിയാണെന്നും അറിയിച്ചു.
ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.