കോഴിക്കോട് : ബാലുശേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ടുള്ള വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കാതെ പോലീസ് കേസ് അവസാനിപ്പിച്ചു. പിടിയിലായ പ്രതികള്‍ക്ക് വിദേശബന്ധമുണ്ടായിട്ടും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനോ മറ്റും പോലീസ് തയാറവാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യഘട്ടത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍ ) കേന്ദ്രീകരിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറിയതോടെ കൂടുതല്‍ അന്വേഷണം നടന്നില്ല. ബാലുശേരിയിലെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നീ ഏജന്‍സികള്‍ വ്യാജ നോട്ട് നിര്‍മാണത്തെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നോട്ട് നിര്‍മാണത്തിലെ വൈദഗ്ധ്യവും സംവിധാനങ്ങളും ഇതിനായി ഇവര്‍ക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചുമായിരുന്നു പ്രധാനമായും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരമാണ് കോഴിക്കോട് ബാലുശേരിയില്‍ കള്ളനോട്ട് നിര്‍മാണത്തിനിടെ മൂന്നുപേര്‍ പിടിയിലായത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള മീത്തലെ മണിഞ്ചേരി രാജേഷിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ നോട്ട് നിര്‍മാണം. 500 ന്റേയും 2000 ത്തിന്റേയും അച്ചടിപൂര്ത്തിയാകാത്ത നോട്ടുകളും പ്രിന്റിംഗ് മെഷീനുമടക്കമുള്ള ഉപകരണങ്ങളുമായിരുന്നു പിടിച്ചെടുത്തത്.
ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടില്‍ അസാധാരണായി ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു ബാലുശേരി മീത്തലയില്‍ രാജേഷ്, എറണാകുളം വൈറ്റില സ്വദേശി തെങ്ങുമ്മല് ഗില്‍ബര്‍ട്ട്, കോഴിക്കോട് നല്ലളത്തെ വൈശാഖ് എന്നിവര്‍ അറസ്റ്റിലായത്. പോലീസ് പരിശോധനക്കായി എത്തുന്ന സമയത്ത് നോട്ടുകള്‍ അച്ചടിക്കുകയായിരുന്നു.
അച്ചടിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളും മഷികളും പിടിച്ചെടുത്തിട്ടുണ്ട്. ഗില്‍ബര്‍ട്ടിനെതിരെ മലപ്പുറത്ത് കള്ളനോട്ട് കേസ് നിലവിലുണ്ട്. രാജേഷ് മാനിനെ വേട്ടയാടിയ കേസിലെ പ്രതിയായിരുന്നു. വൈശാഖിന്റെ പേരില്‍ ബേംബേറടക്കമുള്ള കേസുകളുണ്ട്. കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സമയത്താണ് മൂവരും പരിചയപെട്ടതെന്നാണ് പോലീസ് പറയുന്നത്. പുറത്തിറങ്ങിയ ശേഷം മൂവരും ചേര്‍ന്ന് കള്ളനോട്ട് നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തല്‍.