പൊൻകുന്നം: പുരാവസ്തുക്കളോട് ഭ്രമമുള്ള ചിറക്കടവ് തെക്കേത്തുകവല തെക്കേചെറ്റയിൽ ഹരിദാസൻ നായരുടെ ശേഖരത്തിൽ പഴയകാല ബാലറ്റുപെട്ടി. ഏതൊക്കെയോ സ്ഥാനാർഥികളുടെ വിധി നിർണയിച്ച ആ പെട്ടി ഇപ്പോൾ പണപ്പെട്ടിയാണ് ഇദ്ദേഹത്തിന്റെ കടയിൽ. പച്ച നിറത്തിലുള്ള ഇരുമ്പ് ബാലറ്റ് പെട്ടി 1957 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതാണെന്ന് ഹരിദാസൻ നായർ പറയുന്നു.
അക്കാലത്ത് സ്ഥാനാർഥികളുടെ ചിഹ്നം പതിച്ച പെട്ടിയാണ് ഉണ്ടായിരുന്നത്. എത്ര സ്ഥാനാർഥികളുണ്ടോ അത്രയും പെട്ടിയും വേണം ബൂത്തിൽ. ഓരോ സ്ഥാനാർഥിക്കും ചെയ്ത വോട്ട് അയാളുടെ ചിഹ്നം പതിച്ച പെട്ടിയിൽ ഇടണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ പെട്ടികൾ ലേലം ചെയ്യും.
അങ്ങനെ ലേലത്തിൽ പിടിച്ച പെട്ടികൾ കച്ചവടക്കാർ കൊണ്ടുവന്നപ്പോൾ ഹരിദാസൻ നായർ അഞ്ചു രൂപ വിലകൊടുത്ത് വാങ്ങിയതാണ്. പഴയകാല റാന്തൽ, നാണയങ്ങൾ തുടങ്ങി വിവിധ പുരാവസ്തുക്കൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.