സൂറിച്ച്: ലോക ഫുട്ബോളിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ കാലം കഴിഞ്ഞതായുള്ള സൂചന നൽകി 2024 ബലോൺ ദോർ പരിഗണനയിലുള്ള കളിക്കാരുടെ പട്ടിക അധികൃതർ പരസ്യപ്പെടുത്തി.
രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് അർജീനയുടെ മെസിയും പോർച്ചുഗലിന്റെ റൊണാൾഡോയും ഇല്ലാതെ ഒരു ബലോൺ ദോർ സാധ്യതാ പട്ടിക ഇറങ്ങുന്നത്. 2023 ബലോൺ ദോർ ജേതാവാണ് മെസി. 2023 പട്ടികയിലും റൊണാൾഡോ ഉൾപ്പെട്ടിരുന്നില്ല.
2024 ബലോൺ ദോർ പുരസ്കാര പട്ടികയിൽ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബപ്പെയും നോർവെയുടെ എർലിംഗ് ഹാലണ്ടും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമുമുണ്ട്.
ഫുട്ബോളിൽനിന്നു വിരമിച്ച ജർമൻ താരം ടോണി ക്രൂസും അന്തിമ പട്ടികയിലുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോൺ ദോർ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടു താരങ്ങളാണ് മെസിയും (എട്ട് പ്രാവശ്യം) റൊണാൾഡോയും (അഞ്ച്).