പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. മികച്ച വനിതാ താരമായി സ്പാനിഷ് ക്ലബ് ബാർസിലോണയുടെ മിഡ്ഫീൽഡർ ഐറ്റാന ബോൺമാറ്റിയെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ഐറ്റാന പുരസ്കാരം സ്വന്തമാക്കുന്നത്.
പ്രവചനങ്ങളെ അട്ടിമറിച്ച് വിനീഷ്യസ് ജൂണിയർ, ഡാനി കാർവാജൽ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയൽ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്. സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ 28കാരനായ റോഡ്രി യൂറോകപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി.
പുരസ്കാരം നിര്‍ണയിച്ച കാലയളവില്‍ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്.മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന് യമാല്‍ സ്വന്തമാക്കി. യുവേഫയുമായി സഹകരിച്ച് ഫ്രഞ്ച് മാഗസിൻ ഫ്രാൻസ് ഫുട്ബോൾ സംഘടിപ്പിച്ച പാരീസിൽ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് അവാർഡ് സമ്മാനിച്ചത്. ്