പാരീസ്: ബാലൻ ഡി ഓർ പുരസ്കാരത്തിന് പുതിയ അവകാശി. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആൻത്വാൻ ഗ്രീസ്മാനെയും പിന്തള്ളി ലൂക്ക മോഡ്രിച്ച് ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ടു. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ തേരോട്ടത്തിന് ഇതോടെ അന്ത്യമായി. 2007-ൽ ബ്രസീലിയൻ താരം കക്ക ബാലൻ ഡി ഓർ നേടിയതിനുശേഷം മെസിയും റൊണാൾഡോയും മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ.
റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ലൂക്ക മോഡ്രിച്ചിന് കാര്യങ്ങൾ അനുകൂലമാക്കിയത്. ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.
ഈ പുരസ്കാരം നേടുന്ന പഴയ യുഗോസ്ലാവിയൻ മേഖലയിൽനിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ൽ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവർ ലോതർ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.
മോഡ്രിച്ചിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ച ഗ്രീസ്മാനും കിലിയൻ എംബാപ്പെയും എത്തി. ലയണൽ മെസി അഞ്ചാം സ്ഥാനത്തും ഒരു സമയത്ത് പുരസ്കാരത്തിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യൻ താരം മുഹമ്മദ് സല ആറാമതുമെത്തി. റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, കെവിൻ ഡിബ്രുയ്ൻ, ഹാരി കെയ്ൻ എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റുള്ളവർ.