പാരീസ്: ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. പതിവുപോലെ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം റോബർട്ട് ലെവൻഡോവ്സ്കിയും ജോർജീഞ്ഞോയുമുണ്ട്. നവംബർ 29നാണു പുരസ്കാരം സമ്മാനിക്കുക.
കോപ്പ അമേരിക്ക ഫുട്ബോളിലെ മികച്ച പ്രകടനത്തിലൂടെ മെസിയാണു പട്ടികയിൽ മുന്നിൽ. ബയേണ്‍ മ്യൂണിക്കിനായി ഗോളടിച്ചുകൂട്ടുന്ന പോളണ്ട് താരം ലെവൻഡോവ്സ്കി രണ്ടാം സ്ഥാനത്തുമുണ്ട്.
യൂറോ കപ്പിലെ മിന്നുന്ന പ്രകടനത്തോടൊപ്പം ചെൽസിക്കായും മികവു തുടരുന്ന ജോർജീഞ്ഞോയാണ് ഇവർക്കു പിന്നിൽ. നാലാമതായി റൊണാൾഡോ. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പോർച്ചുഗൽ സൂപ്പർതാരത്തിനായിരുന്നു.
അന്താരാഷ്ട്ര ഫുട്ബോളിലെ റിക്കാർഡ് ഗോൾ നേട്ടവും റൊണാൾഡോയുടെ പ്രീതി ഉയർത്തി. ചെൽസിക്കായും ഫ്രാൻസിനായും മിന്നുന്ന പ്രകടനം നടത്തുന്ന എൻഗോളോ കാന്റെയാണ് അഞ്ചാമത്.