കൊച്ചി: പ്രളയത്തിൽ ജീവിതോപാദിയായ പശുക്കളെ നഷ്ടമായി തൊഴുത്തിൽ അന്തിയുറങ്ങുന്ന ബാലനെ തേടി സുമനസുകളുടെ കാരുണ്യം തുടരുന്നു. ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കറവയുള്ള രണ്ടു പശുക്കളെ വാങ്ങുന്നതിനു 40,000 രൂപയുടെ ചെക്ക് ഇന്നലെ നോർത്ത് പറവൂർ ചിറ്റാട്ടുകര ആളംതുരുത്തിൽ താമസിക്കുന്ന കരുവേലിപ്പാടം ബാലനു കൈമാറി. ബാലന്റെ ജീവിതകഥ ‘രാഷ്ട്ര ദീപിക’യിലൂടെ അറിഞ്ഞതിനെത്തുടർന്നാണു സഹായം കൈമാറിയതെന്നു വികാരി ഫാ. റ്റൂബി ഇടമറുക് അറിയിച്ചു.
പാതിവഴിയിൽ മുടങ്ങിയ ബാലന്റെ വീടുനിർമാണത്തിനു സാന്പത്തിക സഹായം ലഭ്യമാക്കാൻ സുമനസുകളുടെ സഹായം തേടുമെന്നും ഫാ. റ്റൂബി പറഞ്ഞു. പറവൂർ മേഖലയിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫാ. റ്റൂബി സജീവമായിരുന്നു. വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു.
വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജാതിമതഭേദമന്യേ വിദ്യാർഥികൾക്കു പഠനോപകരണങ്ങളും വീടുകളിലേക്കു നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്തുവരുന്നുണ്ട്. പ്രളയം ദുരിതം വിതച്ച ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾക്കിടയിലും ഫാ. റ്റൂബി സഹായങ്ങളുമായെത്തി.
ഭാര്യയും അവിവാഹിതയായ മകളും പ്രളയം ബാക്കിയാക്കിയ ഒരു പശുവിനുമൊപ്പമാണു ബാലൻ തൊഴുത്തിൽ അന്തിയുറങ്ങുന്നത്. വീടു നിർമാണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയിൽ മുടങ്ങി. എട്ടു പശുക്കളാണ് ഉണ്ടായിരുന്നത്. അതിൽ കറവയുണ്ടായിരുന്ന അഞ്ചെണ്ണം ഉൾപ്പെടെ ഏഴു പശുക്കളും പ്രളയത്തിൽ നഷ്ടമായിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ രാഷ്ട്ര ദീപികയിലെ വാർത്തയെത്തുടർന്നു നേരത്തെ രണ്ടു പശുക്കളെ ബാലനു നൽകിയിരുന്നു. സിയാലിന്റെ ഏവിയേഷൻ കോഴ്സിൽ അധ്യാപകനായ കൊച്ചി സ്വദേശി ബിജുവും പശുവിനെ നൽകി.