ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്നും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും ബലൂചിസ്ഥാന്‍ വിമതര്‍. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്രത്തിനായി പോരാടുന്നവരാണ് ബലുചിസ്ഥാന് പ്രവിശ്യയിലുള്ള ജനങ്ങള്‍. കാശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടതിനു മൂന്നാം നാള് ബലൂചിസ്ഥാനിലെ ക്വറ്റയില്‍ പാക് പട്ടാള വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പത് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ബലൂചിസ്ഥാന്‍ വിമോചന മുന്നണിയും ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡും ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പങ്കാണ് ഇവിടെ പാക്കിസ്ഥാന് സംശയിക്കുന്നത്. കാശ്മീരിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് ബലൂചിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരപരാധികളെ കൊന്നൊടുക്കുന്ന പാക്കിസ്ഥാന്റെ മനുഷ്യത്വമില്ലാത്ത ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കേണ്ടസമയമായെന്നും ബലൂചിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വാഹിദ് ബലൂച് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് കാശ്മീരെന്ന പോലെയാണ് പാക്കിസ്ഥാന് ബലൂചിസ്ഥാനും.