കോട്ടയം: ബാംബൂ കര്‍ട്ടന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. ചിങ്ങവനത്ത് തട്ടിപ്പുസംഘം ചുറ്റിത്തിരിയുന്നതായുള്ള മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തട്ടിപ്പിന്റെ പുതിയ രൂപം പുറത്തു വന്നിരിക്കുന്നത്.
പുതുപ്പള്ളി വെട്ടത്തുകവലയിലാണു കൊല്ലത്ത് നിന്നെത്തിയ സംഘത്തിന്റെ പുതിയ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. 1,500 രൂപ വില പറഞ്ഞ ബാംബു കര്ട്ടന് സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ 17,000 രൂപ വേണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടതായാണു പരാതി.
പുതുപ്പള്ളി വെട്ടത്തുകവല ഏറാത്ത് വീട്ടിലാണു കഴിഞ്ഞദിവസം തട്ടിപ്പ് നടന്നത്. കൊല്ലത്തുനിന്നെന്നു പരിചയപ്പെടുത്തിയെത്തിയ ബാംബു കര്ട്ടന് സംഘമാണു കഴിഞ്ഞദിവസം പുതുപ്പള്ളി വെട്ടത്തുകവലയിലെ വീട്ടില്‍ എത്തിയത്.
1,500 രൂപയാണ് ഇവര്‍ ബാംബൂ കര്ട്ടന് സ്ഥാപിക്കുന്നതിനായി ആദ്യം ചെലവ് പറഞ്ഞത്. കര്ട്ടന് സ്ഥാപിച്ചു കഴിഞ്ഞശേഷം 17,000 രൂപ ആകുമെന്നായി എത്തിയ സംഘം.
ഇത്രയും വലിയ തുകയാണെങ്കില്‍ കര്ട്ടന് ആവശ്യമില്ലെന്നായി കുടുബം പറഞ്ഞതോടെ തട്ടിപ്പ് സംഘം വിമര്‍ശനം ഉന്നയിച്ചു. ബില്‍ അടിച്ചു പോയെന്നും പണം നല്കിയേപറ്റുവെന്നും നിര്‍ബന്ധമായും പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതോടെ കേസ് പോലീസ് സ്റ്റേഷനിലേക്കും എത്തി. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം പോലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി.
17,000 രൂപ ആവശ്യപ്പെട്ട കേസ് 6,500 രൂപ നല്കി തീര്‍പ്പാക്കുകയായിരുന്നു. വില കുറച്ച് പറഞ്ഞു കര്ട്ടന് സ്ഥാപിച്ചശേഷം കൂടുതല്‍ തുക തട്ടിയെടുക്കുന്ന സംഘമാണ് ഇപ്പോള്‍ ജില്ലയില്‍ സജീവമായിരിക്കുന്നത്.
നേരത്തെ ചിങ്ങവനത്ത് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെപ്പറ്റി ചിങ്ങവനത്തെ വ്യാപാരികള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതുപ്പള്ളി വെട്ടത്തുകവലയില്‍ സംഘം നടത്തിയ തട്ടിപ്പ് വിവരം പുറത്തു വന്നത്.