പൊൻകുന്നം: പുതിയ തട്ടിപ്പുരീതിയുമായി സംഘങ്ങൾ നാട്ടിൽ വിലസുന്നു. പോലീസ് അന്വേഷണം നടക്കുന്നുവെന്നറിഞ്ഞ് സംഘങ്ങൾ മുങ്ങിയെന്ന് പരാതിക്കാർ. നിരവധി പേർക്കാണ് പണം നഷ്ടം ഉണ്ടായിരിക്കുന്നത്.
നിസാര തുകയ്ക്ക് ബാംബു കർട്ടൻ (മുള വിരി) വീടുകളിൽ നൽകാമെന്ന് പറഞ്ഞെത്തുന്ന സംഘം അമിതതുക ഈടാക്കും. ചിറക്കടവിൽ ഒരു വീട്ടിൽ പറഞ്ഞ തുകയിൽ നിന്ന് ഇരട്ടിയിലേറെ തുകവേണമെന്നാവശ്യപ്പെട്ടു. പണി തീർന്നപ്പോഴാണ് തുക കൂടിയ വിവരംവീട്ടുടമയെ അറിയിച്ചത്. തുടർന്ന് വീട്ടുടമ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. എന്നാൽ സംഘത്തിലുൾപ്പെട്ടവരെ ഫോണിൽ ലഭിക്കാത്തതിനാൽ പ്രശ്നപരിഹാരമായിട്ടില്ല.
റബറൈസ്ഡ് ബാംബൂ കർട്ടൻ ഇടുന്നതിന് ഒരെണ്ണത്തിന് വെറും 300 രൂപയെന്നു പറഞ്ഞാണ് സംഘമെത്തുന്നത്. കുറഞ്ഞ തുകയ്ക്ക് വിരി ലഭിക്കുമല്ലോ എന്നു കരുതി വീട്ടുകാർ അനുവാദം നൽകിയാൽ ഉടൻതന്നെ സംഘം പണി തുടങ്ങും. പണി തീർത്തതിനു ശേഷം കണക്കു പറയുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
ചതുരശ്രയടിക്കുള്ള തുകയാണ് തങ്ങൾ പറഞ്ഞതെന്നാണ് സംഘാംഗങ്ങൾ പറയുന്നത്. അബദ്ധം പറ്റിയ പലരും പറഞ്ഞ തുക നൽകി മടക്കി. അടുത്തിടെ പൊൻകുന്നത്ത് ഒരു വീട്ടിൽ കർട്ടനിട്ടതിനു ശേഷം ഇതേ സംഘം തൊണ്ണൂറായിരം രൂപയാണ് ആവശ്യപ്പെട്ടത്. വീട്ടുടമ അയ്യായിരം രൂപയാണ് മുൻകൂർ നൽകിയത്. ബാക്കി തുക നൽകാതെ പോലീസിൽ അറിയിച്ചതോടെ സംഘം മടങ്ങി. പിന്നീട് ഇവർ എത്തിയിട്ടില്ല.
കർട്ടന്റെ ചെലവിനെക്കുറിച്ച് വീട്ടുകാരിൽ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കുകയാണിവരെന്ന് അനുഭവസ്ഥർ പറയുന്നു. അടുത്തിടെ കറുകച്ചാലിലും ഇതേ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. ഒരിടത്ത് പരാതി ഉയരുമ്പോൾ സംഘം മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റുകയാണ് രീതി.കടകളിൽ ചതുരശ്രയടിക്ക് അമ്പതു രൂപ മാത്രം വിലയുള്ള ഫൈബർ ബാംബു കർട്ടനാണ് സംഘം ഉപയോഗിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു.
ഈ സംഭവത്തിൽ ചിറക്കടവിൽ നിന്ന് ഒരു പരാതി കിട്ടിയെന്ന് പൊൻകുന്നം പോലീസ് അറിയിച്ചു. വീട്ടിൽ കർട്ടൻ ഇടുന്നതിന് 8000 രൂപ പറഞ്ഞുറപ്പിച്ചതിന് ശേഷം 18000 രൂപ വാങ്ങിക്കൊണ്ട് പോയെന്നാണ് ഇവരുടെ പരാതി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും സംഘത്തെ കണ്ടെത്തി അമിതമായി തുക വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ നൽകാൻ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇത്തരം തട്ടിപ്പുകാ രെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊൻകുന്നം പോലീസ് പറഞ്ഞു.