കോഴിക്കോട്: പരിസ്ഥിതിക്കു ദോഷകരമായ യൂക്കാലിപ്റ്റ്സ് മരം സംസ്ഥാന വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാൻ അനുമതി നൽകി വിവാദത്തിലായതിനു പിന്നാലെ, വന്യമൃഗ ശല്യം രൂക്ഷമാക്കാൻ ഇടയാക്കുന്ന മറ്റൊരു തീരുമാനവുമായി സർക്കാർ.
ഈറ്റകളുടെ വ്യാപനത്തിനു നിർണായകമായ ക്ലോഷർ പീരിഡിൽ വനത്തിലെ ഈറ്റ വെട്ടാൻ ബാംബു വികസന കോർപറേഷനു അനുമതി നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. ഈറ്റകൾക്ക് പുതു നാന്പുകൾ ഉണ്ടാകുന്നത് ജൂണ്‍ മുതൽ ഓഗസ്റ്റു വരെയുള്ള ക്ലോഷർ പീരിഡിലാണ്.
ഈ കാലയളവിൽ ഈറ്റ ശേഖരിക്കുന്നത് പുതുനാന്പുകൾ നശിക്കാൻ ഇടയാകും. ഭാവിയിൽ വനത്തിൽ ഭക്ഷ്യ ദൗർലഭ്യതയ്ക്ക് ഇടയാക്കുകയും ചെയ്യും. കാട്ടാനകളുടെ ഇഷ്ട ഭക്ഷണം വനത്തിലെ മുളയും ഈറ്റകളുമാണ്. മുളകൾ വ്യാപകമായി നശിച്ചതോടെ ഈറ്റ മാത്രമാണ് അവശേഷിക്കുന്നത്.
വനത്തിൽ ആവശ്യത്തിനു തീറ്റ ഇല്ലാതായതോടെയാണ് വന്യജീവികൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ ക്ലോഷർ പീരിഡിൽ ഈറ്റ ശേഖരിക്കുന്നതിനെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) എതിർത്തുവെങ്കിലും വ്യവസായ, വനംമന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈറ്റ ശേഖരിക്കാൻ അനുമതി നൽകിയത്. പുതുനാന്പുകൾ നശിപ്പിക്കാതെ ഈറ്റ വെട്ടണമെന്ന ഉപാധി മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം സാധ്യമാണെന്ന ആശങ്കയുണ്ട്.
ക്ലോഷർ പീരിഡിനു മുന്‍പു മൂന്നു മാസത്തേക്ക് ആവശ്യമായ ഈറ്റ ശേഖരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ബാംബു കോർപറേഷനു നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഈ വർഷം ഈറ്റ ശേഖരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് ബാംബു കോർപറേഷൻ ചെയർമാൻ വനംമന്ത്രിക്ക് ഫെബ്രുവരിയിൽ കത്തു നൽകി.
ക്ലോഷർ പീരീഡിൽ ഈറ്റ ശേഖരണം നടത്തുന്നത് പുതുനാന്പുകൾ നശിച്ച് അവയുടെ സ്ഥായിയായ നിലനിൽപിനെ ദോഷകരമായി ബാധിക്കുമെന്നും അനുമതി നൽകരുതെന്നുമാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ റിപ്പോർട്ടു ചെയ്തത്. കേന്ദ്ര നിയമം പ്രകാരം ക്ലോഷർ പീരിഡിൽ ഈറ്റ ശേഖരിക്കാൻ അനുവാദം നൽകാൻ കഴിയില്ലെന്നും ഇതിൽ നിന്നു വ്യതിചലിക്കുന്നതിന് ഉന്നതതല തീരുമാനം ആവശ്യമാണെന്നും ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാർ ചേർന്നു തീരുമാനമെടുക്കുകയായിരുന്നു.
ബിനു ജോർജ്