ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബംഗളുരു മയക്കുമരുന്നു കേസിന്റെ അന്വേഷണം ശക്തമാക്കിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ രണ്ടു മരുന്നു കമ്പനികള്‍ പൂട്ടിച്ചു.
ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്തു ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചിരുന്ന കോടികളുടെ ബിസിനസുണ്ടായിരുന്ന രണ്ട് കമ്പനികളാണു പൂട്ടിച്ചത്. കമ്പനികള്‍ പൂട്ടിക്കാനും അറസ്റ്റിനും നേതൃത്വം നല്‍കിയത് എന്‍ഐഎയാണ്.
ഒരു അബ്കാരിക്കും കാസര്‍കോട്, കോഴിക്കോട് മേഖലയിലെ ഏതാനും പേര്‍ക്കും പങ്കാളിത്തമുള്ള കമ്പനികളാണ് എന്‍ഐഎ പൂട്ടിച്ചത്. ഇവര്‍ എന്‍ഐഎ കസ്റ്റഡിയിലാണെന്നും അറിയുന്നു.
ഇതു കൂടാതെ ഹിമാചല്‍പ്രദേശില്‍നിന്നും ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന ഏതാനും മരുന്നുകമ്പനികളും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലാണ്.
മരുന്നു കമ്പനികളുടെ മറവില്‍ മയക്കുമരുന്നു വിതരണവും തീവ്രവാദപ്രവര്‍ത്തനവും ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അന്വേഷണം മുറുകുന്നത്.
മരുന്ന് അഫ്ഗാനിൽനിന്നും
അഫ്ഗാനിസ്ഥാനില്‍നിന്നും നേപ്പാളില്‍നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ കണ്ടെത്തുകയും ഇതില്‍ ദേശവിരുദ്ധത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കമ്പനികളെ എന്‍ഐഎ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തത്.
നേപ്പാള്‍ വഴി രാജ്യത്തേക്കു വന്‍തോതില്‍ മയക്കുമരുന്നുകള്‍ ഒഴുകുന്നതായുള്ള വ്യാപകമായ മുന്നറിയിപ്പുകള്‍ക്കിടയിലാണ് അന്വേഷണം എന്‍ഐഎ ശക്തമാക്കിയത്.
തട്ടുകടപോലെ നടത്തിപ്പ്
ഹിമാചല്‍ പ്രദേശില്‍നിന്നും രജിസ്റ്റര്‍ എടുത്തു വെറും തട്ടുകട പോലെയാണ് മരുന്നുകമ്പനികള്‍ ഉണ്ടാക്കി ലാഭം കൊയ്യുന്നത്. ഇതിനെല്ലാം പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാണുള്ളതെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. മലയാളികളില്‍ പലരും സംഘടിതമായി മരുന്നുകമ്പനികള്‍ ഇതേ രീതിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിവരുന്നുണ്ട്.
ഉറവിടം കണ്ടെത്താൻ നീക്കം
ബംഗളൂരു മയക്കുമരുന്നു കേസ് ഉണ്ടായതോടെ അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു മരുന്നിന്റെ ഉറവിടം കണ്ടെത്തുകയെന്നതാണ്.
ഈ അന്വേഷണം എത്തിനില്ക്കുന്നതാണു മരുന്നു കമ്പനികളിലേക്കാണ്. വിദേശരാജ്യങ്ങളില്‍നിന്നും വ്യാപകമായ എത്തുന്ന മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ ചില മരുന്നു കമ്പനികള്‍ക്കു പങ്കുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍.
പാർട്ടി നടത്താൻ രണ്ട് കോടി
ഇതേസമയം ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്മാത്രം ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. പാര്‍ട്ടികളില്‍ സൗജന്യമായി മദ്യം ഒഴുക്കിയാണു കൂട്ടുകെട്ട് വിപുലമാക്കിയത്.
ബംഗളൂരുവിലെത്തുന്ന ദിവസം പാര്‍ട്ടികളിലെ മദ്യം ബിനീഷിന്റെ വകയാണ്. ഡാന്‍സുകാരും സിനിമാക്കാരും കോളജ് വിദ്യാര്‍ഥികളുമാണു പങ്കെടുക്കുന്നത്. ഇതിനിടയിലാണു മയക്കുമരുന്ന് ഇടപാട് നടക്കുന്നത്.
ബിനീഷ് ബോസാണെന്നും കോടികള്‍ നല്കി സഹായിച്ചെന്നും അനൂപിന്റെ മൊഴി നിലനില്‍ക്കുകയാണ്. വമ്പന്‍ ഡീലുകളില്‍ മധ്യസ്ഥനായി ഇടപെട്ടു ലക്ഷങ്ങള്‍ കമ്മീഷന് വാങ്ങുന്നതാണു ബിനീഷിന്റെ മറ്റൊരു വരുമാനമെന്നും ഇഡി കണ്ടെത്തി കഴിഞ്ഞു.