സംസ്ഥാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നാടോടികള്‍ക്കും ഭിക്ഷാടകര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ നാട്ടുകാര്‍.
കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ജാസ്മിനെന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത് . ഈ സാഹചര്യത്തിലാണ് നാട്ടുകാര് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കരുനാഗപ്പള്ളി എന്ന ഫേസ്ബുക് പേജ് മുന്‍കൈ എടുത്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഇനി മുതല്‍ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാര്‍ക്കും ഒരു സഹായവും നല്‍കേണ്ടതില്ല എന്നതാണ് നാട്ടുകാരുടെ തീരുമാനം.
കുട്ടികളേയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങള്‍ വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാര് ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്.
ഭിക്ഷാടകര്‍ക്കു പണം നല്‍കി പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കില്‍ കാഴ്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പദ്ധതിയായ ഭക്ഷണം നിറച്ച ഫ്രിഡ്ജിന്റെ വിശദാംശങ്ങള്‍ നല്‍കുക എന്നും മരുന്നാണ് ആവശ്യമെങ്കില്‍ താലൂക് ആശുപത്രിയിലേക്ക് അയക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്തിടെ നാടോടികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.