വാടകഗർഭധാരണം അവസാനിക്കാൻ സർക്കാരുകൾ നടപടി എടുക്കണമെന്ന് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ചേർന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ആവശ്യപ്പെട്ടു.
പണം വാങ്ങിയോ അല്ലാതെയോ നടത്തുന്നതടക്കം എല്ലാവിധ വാടക ഗർഭധാരണ സംവിധാനങ്ങളെയും അപലപിക്കണം. 2022 വർഷത്തിൽ ആഗോളതലത്തിൽ വാടകഗർഭധാരണ വിപണിക്ക് 1400 കോടി യൂറോയുടെ മൂല്യമുണ്ടായിരുന്നുവെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വാടകഗർഭധാരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന ‘കാസബ്ലാങ്ക പ്രഖ്യാപനം’ നടത്തിയവരാണ് റോമിലെ ഉച്ചകോടിയും സംഘടിപ്പിച്ചത്. 2023 മാർച്ച് മൂന്നിന് മൊറോക്കോയിലെ കാസാബ്ലാങ്കാ നഗരത്തിൽ സമ്മേളിച്ച 75 രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിനു ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, ദാർശനികന്മാർ തുടങ്ങിയവരാണ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്.
റോമിലെ ലുംസ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ചേർന്ന സമ്മേളനത്തിൽ ഇറ്റാലിയൻ കുടുംബക്ഷേമ മന്ത്രി യൂജീനിയ റോസെല്ല, വത്തിക്കാൻ വിദേശകാര്യ അണ്ടർ സെക്രട്ടറി മോൺ. മിറോസ്ലാവ് വാച്ചോവ്സ്കി തുടങ്ങിയവരും യുഎന്നിൽനിന്നടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു. സമ്മേളനത്തിനെത്തിയവരിൽ കുറച്ചു പേർ വ്യാഴാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.