കാബൂൾ: താലിബാനിൽ നിന്ന് ആളുകൾ അകന്നുപോകുന്നതിന്റെ പ്രധാന കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള തുടർച്ചയായ നിരോധനമാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയുക്ത ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി.
ഒരു ബിരുദദാന ചടങ്ങിൽ സംസാരിക്കവെ താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, ഗ്രേഡ് 6 ന് അപ്പുറം പെൺകുട്ടികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അറിവില്ലാത്ത ഒരു സമൂഹം ഇരുട്ടാണ് എന്നും പറഞ്ഞു.
മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർഥികളുടെ ബിരുദദാനത്തോടനുബന്ധിച്ചാണ് താലിബാന്റെ അതിർത്തി ഗോത്രകാര്യ മന്ത്രാലയം ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസം ലഭിക്കാത്ത വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന യുവാക്കളെ സ്കൂളുകളിൽ ചേർത്തിട്ടുണ്ടെന്ന് താലിബാൻ നിയമിച്ച അതിർത്തി-ഗോത്രകാര്യ മന്ത്രി നൂറുല്ല നൂറി പറഞ്ഞു.
താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. താലിബാൻ നിയമിച്ച ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി ഹബീബുള്ള ആഘ അടുത്തിടെ രാജ്യത്തെ മതപാഠശാലകളിലെ മോശം വിദ്യാഭ്യാസത്തെ വിമർശിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ താലിബാനും മതപണ്ഡിതരും ഗൗരവമായി ശ്രദ്ധിക്കണമെന്ന് ഹബീബുള്ള ആഘ ആവശ്യപ്പെട്ടു.