73 ചാനലുകളും 24 എഫ്എം സ്റ്റേഷനുകളും പൂട്ടിക്കട്ടും, വ്യവസ്ഥകള്‍ ലംഘിച്ചതിന് സംപ്രേക്ഷണം വിലക്കിയവയില്‍ മലയാളം ചാനലുകള്‍ ഇല്ല

tv 2വ്യവസ്ഥകള്‍ ലംഘിച്ചതിനും നിയമവിരുദ്ധമായ സംപ്രേക്ഷണത്തിനും 73 ടിവി ചാനലുകളുടെയും 24 എഫ്എം സ്‌റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരുമായുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍ നടപടി. പട്ടികയില്‍ മലയാളത്തില്‍ നിന്നുള്ള ചാനലുകളൊന്നുമില്ല.

ജസ്റ്റ് ടിവി, ഖാസ്, മോഹ്വ പഞ്ചാബി, വിഷന്‍ എന്റര്‍ടൈന്‍മെന്റ്, കീ ടിവി തുടങ്ങിയവയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട ചില ചാനലുകള്‍. കരാര്‍ പ്രകാരമുള്ള വര്‍ഷത്തിനുള്ളില്‍ ഈ ചാനലുകള്‍ വ്യവസ്ഥകള്‍ ലംഘിച്ചതാണ് കാരണമായി ചൂണ്ടികാട്ടുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിരാജ്യവര്‍ദ്ധന്‍ റാത്തോറാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്. ആഭ്യന്തരവകുപ്പ് സുരക്ഷാ അനുമതി നിരസിച്ചതിനാലാണ് ഫോക്കസ് എന്‍ഇ, ഫോക്കസ് ഹരിയാന, എസ്ടിവി ഹരിയാന, ലെമണ്‍ ടിവി എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്. നിലവില്‍ 892 സ്വകാര്യ സാറ്റ്‌ലൈറ്റ് ടിവി ചാനലുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് പുറമെ 9 പത്രങ്ങളുടെയും അവയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

24 എഫ്എം ചാനലുകളുടെയും ലൈസന്‍സ് മന്ത്രാലയം റദ്ദാക്കി. ആറു സ്വകാര്യ പ്രക്ഷേപകരുടെയാണ് റദ്ദാക്കിയ എഫ്എം ചാനലുകള്‍. സര്‍ക്കാരുമായി ഒപ്പിട്ട അനുമതി കരാറിലെ(ജിഒപിഎ) വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ലൈസന്‍സ് റദ്ദാക്കിയത്. 42 സ്വകാര്യ പ്രക്ഷേപകര്‍ക്കും 196 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്കുമാണ് മന്ത്രാലയം രാജ്യത്ത് അനുമതി നല്‍കിയിട്ടുള്ളത്.

Related posts