ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അങ്ങനെ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം.
കൊളസ്ട്രോൾ വരുതിയിലാക്കാം
ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകവും.
വിളർച്ച തടയാം
ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഉൗർജ്വസ്വലമാക്കി നിലനിർത്തുന്നതിനു സഹായകം. പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർഥികൾ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകൾ, ബയോട്ടിൻ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്ളാവിൻ, മാംഗനീസ്, ഇരുന്പ് തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തിൽ.
വിളർച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുന്പ് സഹായകം. കേരളത്തിലെ സ്കൂൾകുട്ടികളിൽ വിളർച്ച കണ്ടെത്തിട്ടുണ്ട്. ഇരുന്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അകറ്റാം.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളം. കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതം. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു.
ആമാശയത്തിന്റെ ആരോഗ്യത്തിന്
ആമാശയ അൾസറിന് ഇടയാക്കുന്ന അസിഡിറ്റിയും തുടർന്നുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റും ഒഴിവാക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദം. സ്വാഭാവിക അൻറാസിഡ് ആയി പ്രവർത്തിക്കുന്നു. ആമാശയത്തിന്റെ ഉൾഭിത്തിയിൽ പ്രത്യേക ആവരണം തീർത്ത് ആസിഡുകളിൽ നിന്നു സംരക്ഷണം നല്കുന്നതിനും ഏത്തപ്പഴം ഉത്തമം. ഏത്തപ്പഴത്തിലുളള protease inhibitors ആമാശയ അൾസറിനിടയാക്കുന്ന ബാക്ടീരിയയിൽ നിന്നു സംരക്ഷണം നല്കുന്നു. വിളഞ്ഞു പാകമായി പഴുത്ത നാടൻ ഏത്തപ്പഴം മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. അതിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ കുടലിലൂടെ മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. വിഷപദാർഥങ്ങളെയും ഘനലോഹങ്ങളെയും ശരീരത്തിൽ നിന്നു പുറന്തളളുന്നതിനും ഗുണപ്രദം.
കുടലിൽ കാണപ്പെടുന്ന മിത്രങ്ങളായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഉത്തേജകമായി ഏത്തപ്പഴത്തിലുളള ഫ്രക്റ്റോ ഒലിഗോസാക്കറൈഡ് പ്രവർത്തിക്കുന്നു. ദഹനരസം ഉത്പാദിപ്പിക്കുന്നതിനും പോഷകങ്ങളുടെ ആഗിരണത്തിനും അതു സഹായകം.
ദഹനശേഷി മെച്ചപ്പെടുന്നതിനും ഉപദ്രവകാരികളായ ബാക്ടീരിയകൾ ശരീരത്തിനു ദോഷകരമാകുന്നതു തടയുന്നതിനും അതു സഹായകം. അതിസാരത്തെത്തുടർന്നു ശരീരത്തിൽ നിന്നു നഷ്ടമാകുന്ന ഇലക്്ട്രോലൈറ്റുകളെ തിരിച്ചുപിടിക്കുന്നതിനു സഹായകമായ ഭക്ഷണമാണ് ഏത്തപ്പഴം. അതിലുളള ജലത്തിൽ ലയിക്കുന്നതരം പെക്റ്റിൻ നാരുകൾ കുടലിൽ ദ്രവഭക്ഷണത്തിന്റെ ആഗിരണത്തിനു സഹായകം.
കാൻസർ സാധ്യത കുറയ്ക്കാം
വൃക്കകൾ, കുടലുകൾ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം. അതിലുളള ആന്റി ഓക്സിഡൻറ് ഫീനോളിക് സംയുക്തങ്ങൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നു.
അഴകുളള ചർമത്തിന്
ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം. ഏത്തപ്പഴത്തിലുളള ആന്റിഓക്സിഡൻറുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം.
ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.
ഏത്തപ്പഴത്തിൽ ഉൗർജം
100 ഗ്രാം ഏത്തപ്പഴത്തിൽ ഏകദേശം 90 കലോറി ഉൗർജമുണ്ട്. കഴിച്ചയുടൻ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഉൗർജമായി മാറുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. കോംപ്ലക്സ് കാർബോഹൈഡ്രേറ്റും സിംപിൾ കാർബോഹൈഡ്രേറ്റും അടങ്ങിയ അപൂർവം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് തുടർച്ചയായി ഉൗർജം തരുന്പോൾ സിംപിൾ കാർബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഉൗർജം ലഭ്യമാക്കുന്നു.രണ്ട് ഏത്തപ്പഴം കഴിച്ചാൽ ഒന്നരണിക്കൂർ വ്യായാമത്തിനുളള ഉൗർജം നേടാം. ഇടനേരങ്ങളിലെ ഭക്ഷണമായും ഏത്തപ്പഴം കഴിക്കാം.
ഗർഭിണികൾക്കും ഏത്തപ്പഴം
ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുളള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാൽ മനസിെൻറ വിഷാദഭാവങ്ങൾ അകന്ന് ആഹ്ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിലുളള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷൻ അകലുന്നത്.
എല്ലുകളുടെ കരുത്തിന്
നാഡീവ്യവസ്ഥയുടെ കരുത്തിനും വെളുത്ത രക്താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകം. പുകവലി നിർത്തുന്നവർ നേരിടുന്ന പിൻവാങ്ങൽ ലക്ഷണങ്ങളിൽ നിന്ന്(നിക്കോട്ടിൻ അഡിക്്ഷൻ) മോചനത്തിന് ഏത്തപ്പഴത്തിലെ ബി വിറ്റാമിനുകളായ ബി6, ബി12, പൊട്ടാസ്യം, മഗ്നീഷ്യം ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനും ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.
ജൈവരീതിയിൽ വിളയിച്ച ഏത്തപ്പഴമാണ് ഉത്തമം. ഗുണം കൂടും. അതിന് ഏത്തവാഴ നട്ടുനനയ്ക്കണം. അതിനു വീട്ടുവളപ്പിൽ വിയർപ്പൊഴുക്കാനുളള മനസും വേണം.