കോഴഞ്ചേരി: ഇതരനാടുകളില്‍ നിന്നുള്ള ഏത്തക്കുലകള്‍ എത്തുന്നില്ല, പൊതുവിപണിയില്‍ വില തോന്നുംപടി. വഴിയോര വാണിഭം കൂടി നിലച്ചതോടെ ഏത്തക്കായയ്ക്ക് വ്യാപാരികള്‍ പ്രതിദിനം വില കൂട്ടുകയാണെന്നാണ് പരാതി. കര്‍ഷകര്‍ക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നതുമില്ല.
കിലോഗ്രാമിന് 40 -50 രൂപയ്ക്ക് വാങ്ങുന്ന ഏത്തക്കുല വിപണിയിലെത്തുമ്പോള്‍ കായ കിലോഗ്രാമിന് 60 രൂപ മുകളിലേക്കാണ് വില്‍ക്കുന്നത്. തിരുവോണ സദ്യയുടെ പ്രധാന വിഭവമായ ഉപ്പേരി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഏത്തക്കായ്ക്ക് ആവശ്യക്കാരും ഏറി.
മുന്‍കാലങ്ങളില്‍ ഓണക്കാലത്ത് റോഡരികില്‍ വന്‍ തോതില്‍ വാഴക്കുലകള്‍ വില്പന നടത്തിയിരുന്നു. എന്നാല്‍ വഴിയോര കച്ചവടത്തിന് വിലക്കുള്ളതിനാല്‍ അന്യനാട്ടില്‍ നിന്നും നേന്ത്രക്കായ് എത്തുന്നുമില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വനിത സ്വാശ്രയ സംഘങ്ങളും മറ്റ് ജനകീയ കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇല്ല. സഹകരണ മാര്‍ക്കറ്റുകളിലേക്കും ഏത്തക്കുല ആവശ്യാനുസരണം എത്തുന്നില്ല.
എല്ലാ മേഖലയിലും മികച്ച വ്യാപാരമാണ് നടന്നിരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇപ്പോള്‍ പകുതി കച്ചവടം പോലും നടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയു കോവിഡ് ദുരിതങ്ങളും വ്യാപാര മേഖലയെ ബാധിച്ചിട്ടുണ്ട്.