മാന്നാർ: സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില കുതിക്കുന്പോൾ ഏത്തയ്ക്കാ സാധാരണക്കാരുടെ താരമാകുന്നു. എത്തയ്ക്കായുടെ വിലക്കുറവാണ് ശ്രദ്ധേയമാക്കുന്നത്. 100 രൂപയ്ക്ക് നാല് കിലോ നൽകി പെട്ടി ഓട്ടോയിലാണ് വിൽപ്പന പൊടിപൊടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഏത് നിരത്തിലും ഏത്തയ്ക്ക കച്ചവടമാണ്.
ബീൻസ്, പയർ, കാരറ്റ്, വെണ്ടയ്ക്ക എന്നിവയാണ് സാധാരണയായി തോരനും മറ്റുമായി എല്ലാവരും വാങ്ങിയിരുന്നത്. എന്നാൽ ഇതിന്റെ വില ക്രമാതീതമായി ഉയർന്നതിനാൽ ഇത്തരം പച്ചക്കറികൾക്ക് തൽക്കാലം അവധി നൽകി ഏത്തനാണ് എല്ലാവരും വാങ്ങുന്നത്.
തോരൻ വയ്ക്കുവാനും മെഴുക്കുപുരട്ടുവാനും മറ്റും നല്ലതായതിനാലും വില കുറവായതിനാലും എല്ലാവരും ഏത്തയ്ക്കയാണ് വാങ്ങുന്നത്. കർണാടകയിൽ നിന്നാണ് ഇപ്പോൾ ഏത്തൻ ധാരളമായി എത്തിക്കൊണ്ടിരിക്കുന്നത്.
നാടൻ എത്തയ്ക്കായ്ക്ക് 50 മുതൽ 70 വരെ വിലയുള്ളപ്പോൾ അന്യസംസ്ഥാന എത്തയ്ക്ക 25 രൂപായ്ക്ക് ലഭിക്കുന്നതിനാൽ വൻ തോതിലാണ് ഇത് വിറ്റഴിക്കപ്പെടുന്നത്.
പ്രകൃതി അനുകൂലമായിതിനാൽ വൻ വിളവെടുപ്പ് ഏത്തന് കർണാടകയിൽ ഉണ്ടായതാണ് മലയാളിക്ക് ഗുണമായത്. ഒരാഴ്ച കൂടി ഇതിന്റെ വിൽപന ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.