കോഴിക്കോട്: നിപ്പാ ഭീതിക്കിടയിലും സമീപകാലത്തെ എറ്റവും വലിയ വിലക്കയറ്റവുമായി നേന്ത്രപ്പഴവിപണി. മറ്റ് പഴങ്ങള്‍ക്ക് വിലകുറഞ്ഞപ്പോഴാണ് നേന്ത്രപ്പഴം കിലോയ്ക്ക് 55-മുതല്‍ 65 രൂപ വരെ വില്‍ക്കുന്നത്. റമദാന് കാലം തുടങ്ങും മുന്‍പുവരെ 40-45 രൂപയായിരുന്നു വില. ഹോള്‍സെയില്‍ കടകളില്‍ നേന്ത്രപ്പഴം കിലോ 50 രൂപയ്ക്ക് ലഭിക്കുമെങ്കിലും ഉള്നാടുകളിലേക്കെത്തുമ്പോള് ഇതിലും വിലകൂടും.
നേന്ത്രപ്പഴത്തിന് വിലകൂടിയതോടെ ചിപ്സിനും വിലകൂടി. പച്ചയ്ക്ക് വെട്ടി പഴുപ്പിക്കുന്നതായതിനാല് നിപ്പാ വൈറസ് നേന്ത്രപഴത്തെ ബാധിക്കില്ലെന്ന ധാരണ സാധാരണക്കാര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ മറ്റു പഴങ്ങളേക്കാള്‍ സുരക്ഷിതം ഇതാണെന്നും ആളുകള്‍ കരുതുന്നു. വിപണിയില്‍ നേന്ത്രപ്പഴത്തിന് ഇനിയും വിലകൂടാനുള്ള സാഹചര്യവുംനിലനില്ക്കുന്നു.ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കാരണം.
വവ്വാലുകള്‍ ഭക്ഷിച്ചതാകാമെന്ന ഭീതിയില്‍ മാമ്പഴത്തിന് വില പകുതിയായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് നേന്ത്രപഴത്തിന് മാതം വിലകൂട്ടിയത്. കിലോ മാമ്പഴത്തിന് 50 മുതല്‍ 60 രൂപവരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 80 രൂപയ്ക്ക് മുകളിലായിരുന്നു .മാങ്ങാപ്പഴത്തിന്റെ സീസണ് കൂടിയാണ് റംസാന് കാലം.
എന്നാല്‍ അതുപോലും വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവില്ലെന്നും കുറഞ്ഞ വിലയ്ക്ക് മറ്റു സംസ്ഥാനക്കാര്‍ എടുത്ത് അവിടെ വില്‍പ്പന കൊഴുക്കുന്നതായും കേരളത്തിലെ കച്ചവടക്കാര്‍ പറയുന്നു. കിലോ അപ്പിളിന് 180-രൂപയും പേരയ്ക്കയ്ക്ക് 40- മുതല്‍ 50 രൂപവരെയുമാണ് വില . നിപ്പാ ഭീതി ഒരു പരിധിവരെ ഒഴിഞ്ഞുവരുന്നതായാണ് കച്ചവടക്കാര്‍ പറയുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദമായ പാളയത്ത് ആളുകള്‍ എത്തുകയും പഴങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഫലം തീനി വവ്വാലുകളല്ല നിപ്പാ വൈറസ് പടര്‍ത്തുന്നതെന്ന പരിശോധനാഫലവും വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്.റംസാന് കാലത്തെ അവസാന ആഴ്ചയില്‍ കച്ചവടം കൊഴുക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.